കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിംഗ്. പ്ളസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തത്. കുട്ടിയുടെ മുടി സീനിയർ വിദ്യാർഥികൾ ചേർന്ന് മുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ് വിവരം. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. സ്‌കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർഥി പറയുന്നത്.
മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. എന്നാൽ സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്ന നിലപാടിലാണ് അധ്യാപകർ.
തനിക്ക് പരാതിയില്ലെന്ന നിലപാടിലാണ് റാഗിംഗിന് ഇരയായ വിദ്യാർഥി. സ്‌കൂളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും വിദ്യാർഥികളെ ഡാൻസ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്‌തതായി വിവരമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; നിർണായക വെളിപ്പെടുത്തൽ