രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറന്നു കൊടുക്കും; നിർമാണം വൈകിപ്പിച്ചത് കോൺഗ്രസ്- അമിത്ഷാ

2019 നവംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേത് ആണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ചു ഏക്കർ ഭൂമി മുസ്‌ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു

By Trainee Reporter, Malabar News
Ram TempleRam Temple will be opened on January 1, 2024; Congress-Amit Shah delayed the construction
Ajwa Travels

ന്യൂഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാമക്ഷേത്രത്തിന്റെ പണി 2024ന് മുൻപ് പൂർത്തിയാക്കുമെന്നും അമിത്ഷാ പറഞ്ഞു. ത്രിപുരയിലെ ബിജെപിയുടെ പ്രചരണ റാലിയിൽ വെച്ചാണ് നിർണായക പ്രഖ്യാപനം നടത്തിയത്.

അതിനിടെ, രാമക്ഷേത്രം വൈകിച്ചത് കോൺഗ്രസ് ആണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. കമ്യൂണിസം ലോകത്ത് നിന്ന് അകന്നപ്പോൾ, കോൺഗ്രസ് രാജ്യത്ത് നിന്ന് അകന്നുവെന്നും, മൂന്ന് പതിറ്റാണ്ട് സിപിഐഎം സംസ്‌ഥാനം ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല എന്നും അമിത്ഷാ വിമർശിച്ചു.

യുദ്ധകാല അടിസ്‌ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മിക്കും. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി.

110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചിലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്‌റ്റിന് സംഭാവന ലഭിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിനായി രാജസ്‌ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രനിർമാണം ആസൂത്രണം ചെയ്‌തതുപോലെ പുരോഗമിക്കുന്നതായാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്‌.

2020 ഓഗസ്‌റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിർമാണത്തിനായി തറക്കല്ലിട്ടത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദർബാർ. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുള്ള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത സമുച്ചയം.

2019 നവംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേത് ആണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ചു ഏക്കർ ഭൂമി മുസ്‌ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു.

Most Read: ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE