സംസ്‌ഥാനം വയറിളക്ക രോഗങ്ങളുടെ പിടിയിൽ; നാല് ദിവസത്തിനിടെ 6,000ത്തോളം രോഗികൾ

അഞ്ചു വർഷത്തിനിടെ 30 പേരാണ് ഛർദി, അതിസാരം രോഗങ്ങൾ മൂലം മരണപ്പെട്ടത്. ജനുവരി ഒന്നിന് 563 പേർ വയറിളക്ക രോഗങ്ങൾക്ക് ചികിൽസ തേടിയപ്പോൾ, രണ്ടാം തീയതി 1428 പേരും മൂന്നാം തീയതി 1812 പേരും നാലാം തീയതി 1973 പേരും ചികിൽസ തേടി

By Trainee Reporter, Malabar News
diarrheal diseases

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വയറിളക്ക രോഗങ്ങൾ വ്യാപകമാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ എല്ലാ ജില്ലകളിലും വയറിളക്ക രോഗങ്ങൾ പിടിമുറുക്കുന്നതായാണ് റിപ്പോർട്. ക്രിസ്‌മസ്‌-പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേർക്ക് ചെറുതും വലുതുമായ ഭക്ഷ്യവിഷബാധ ഉണ്ടെന്നാണ് റിപ്പോർട്.

കഴിഞ്ഞ നാല് ദിവസത്തിനിടെ 6,000ത്തോളം പേരാണ് ചികിൽസ തേടിയത്. ഡിസംബറിൽ 40,000ത്തോളം പേർ ചികിൽസ തേടി. അഞ്ചു വർഷത്തിനിടെ 30 പേരാണ് ഛർദി, അതിസാരം രോഗങ്ങൾ മൂലം മരണപ്പെട്ടത്. ജനുവരി ഒന്നിന് 563 പേർ വയറിളക്ക രോഗങ്ങൾക്ക് ചികിൽസ തേടിയപ്പോൾ, രണ്ടാം തീയതി 1428 പേരും മൂന്നാം തീയതി 1812 പേരും നാലാം തീയതി 1973 പേരും ചികിൽസ തേടി.

ഡിസംബറിൽ 39,838 പേരാണ് ഛർദി, അതിസാര രോഗങ്ങൾക്കായി ചികിൽസ തേടിയത്. പഴകിയതും ഈച്ചയും പുഴുക്കളും വന്ന ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്‌ടീരിയകളുമാണ് രോഗകാരികളെന്നാണ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നത്‌.

അൽപ്പം ശ്രദ്ധയും പരിചരണവും ഉണ്ടായാൽ ഇവയെ നിയന്ത്രിക്കാനും അതുമൂലമുള്ള മരണം തടയാനും സാധിക്കും. അതിനാൽ താഴെ കൊടുത്ത പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം.

ആഹാര ശുചിത്വം: ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക, കുപ്പിപ്പാൽ ഒഴിവാക്കുക.

വ്യക്‌തി ശുചിത്വം: ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ കൈനഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. മലവിസർജനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കഴുകുക.

പാനീയ ചികിൽസ: ഏത് വയറിളക്കവും അപകടകാരിയായി മാറാം. അതിനാൽ വയറിളക്കത്തിന്റെ ആരംഭം മുതൽ തന്നെ പാനീയ ചികിൽസ തുടങ്ങണം. വീട്ടിൽ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഉപ്പിട്ട മോരിൻ വെള്ളം, കരിക്കിൻ വെള്ളം സാധാരണ ഉപയോഗിക്കുന്ന മറ്റ് പാനീയങ്ങൾ എന്നിവ നൽകുക.

പരിസര ശുചിത്വം: തുറസ്സായ സ്‌ഥലത്ത്‌ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ വിസർജ്യമായി സുരക്ഷിതമായി നീക്കം ചെയ്യുക. കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽ നിന്ന് അകലെ ആയിരിക്കണം. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആഴ്‌ചയിൽ ഒരിക്കൽ കിണർ വെള്ളം ക്ളോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായി കുടിവെള്ള പമ്പിങ് സ്‌റ്റേഷനുകളിൽ ക്ളോറിനേഷൻ ശുചീകരണ പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക.

Most Read: കൂട്ട പിരിച്ചുവിടലിന് ഒരുങ്ങി ആമസോൺ; 18,000 ജീവനക്കാർ പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE