ന്യൂഡെൽഹി: കോവിഡ് മഹാമാരിയിലും ഇന്ത്യ കാർഷിക മേഖലയിൽ റെക്കോർഡ് ഉൽപാദനം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളകൾ ഉൽപാദിപ്പിക്കുന്ന കർഷകരാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും മോദി പറഞ്ഞു. ചൗരി ചൗരാ സമരത്തിന്റെ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിന് പിന്നിൽ കർഷകരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൗരി ചൗരാ സമരത്തിലും കർഷകർ പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ 6 വർഷത്തിനിടെ കർഷകരെ സ്വയം പര്യാപ്‌തരാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് പ്രതിസന്ധി കാലത്ത് പോലും കാർഷിക മേഖല അഭിവൃദ്ധി പ്രാപിച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കർഷകരുടെ താൽപര്യത്തിന് അനുസൃതമായി നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മാണ്ഡികളുടെ (കർഷകരുടെ മാർക്കറ്റ്) ലാഭത്തിനായി 1000 മാണ്ഡികളെ കൂടി ഡിജിറ്റൽ കാർഷിക വിപണിയായ ഇ-നാമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മോദി വിശദീകരിച്ചു.
കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭം ഡെൽഹി അതിർത്തികളിൽ തുടരുമ്പോഴാണ് കർഷകരെ പ്രശംസിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം.
അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി പോയ പ്രതിപക്ഷ എംപിമാരെ ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞിരുന്നു. 10 പാര്‍ട്ടികളിലെ എംപിമാരാണ് അതിര്‍ത്തിയില്‍ എത്തിയത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രൻ, എഎം ആരിഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Also Read: കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി