തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഖിലിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും.
പത്തനംതിട്ട സ്‌റ്റേഷനിൽ 2021ൽ രജിസ്‌റ്റർ ചെയ്‌ത തട്ടിപ്പ് കേസിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പത്തനംതിട്ടയിലെ കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം പോലീസ് അഖിൽ സജീവിനെ കസ്‌റ്റഡിയിൽ വാങ്ങുക.
നിയമന തട്ടിപ്പ് കേസിൽ മറ്റു പ്രതികൾക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ച ചോദ്യം ചെയ്യൽ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇടനിലക്കാരനായി നിന്ന അഖിലാണ് തട്ടിപ്പിൽ മുഖ്യ പങ്കുവഹിച്ചതെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ചെന്നൈയിലേക്ക് കടന്ന അഖിൽ പിന്നീട് തേനിയിൽ എത്തിയപ്പോഴാണ് പിടിയിലായത്.
കേസിൽ അഖിൽ സജീവിന്റെ കൂട്ടാളി റഹീസിനെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസിന്റെ മരുമകൾക്ക് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഇ-മെയിൽ അയച്ചത് റഹീസാണെന്ന് പോലീസ് പറയുന്നു. അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇ-മെയിൽ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖിൽ സജീവിന്റെ റഹീസിന് പരിചയപ്പെടുത്തിയത്.
അഖിലും റഹീസുമായി ഇന്റീരിയർ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകർന്നു. പിന്നീടും ഇവർ തമ്മിലുള്ള സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്‌ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ച ഹരിദാസ് പോലീസിൽ ഹാജരാകാതെ ഒളിവിലാണെന്നാണ് വിവരം. കന്റോൺമെന്റ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരാതിക്കാരൻ ഹാജരായിട്ടില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി