റായ്‌പൂർ: മഹാത്‌മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തുകയും ചെയ്‌ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്‌റ്റിൽ. റായ്‌പൂർ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കാളിചരണെന്ന് റായ്‌പൂർ എസ്‌പി പ്രശാന്ത് അഗർവാൾ പറഞ്ഞു.
മധ്യപ്രദേശ് അതിർത്തിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരത്തോടെ കാളിചരണിനെ റായ്‌പൂരിൽ എത്തിക്കും. ഗാന്ധിജിക്കെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വിവാദ പരാമർശങ്ങളാണ് കാളിചരൺ നടത്തിയത്.
രാഷ്‌ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്‌ലിം സമുദായത്തിലുള്ളവർ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നുവെന്നും കാളിചരൺ പറഞ്ഞിരുന്നു. രാഷ്‌ട്ര പിതാവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് റായ്‌പൂർ മുൻ മേയർ പ്രമോദ് ദുബെയാണ് കാളിചരണിനെതിരെ പരാതി നൽകിയത്.
Read Also: നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ