ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്ന് സൂചന. രക്ഷാപ്രവർത്തനം വിജയത്തിനരികെയാണെന്നാണ് വിവരം. 15 മീറ്റർ കൂടി തുരന്നാൽ പൈപ്പ് സ്‌ഥാപിക്കൽ പൂർത്തിയാകും. വൈകുന്നേരത്തോടെ ഇത് പൂർത്തിയാക്കാനാണ് ശ്രമം. 48 മീറ്ററാണ് ഇതുവരെ ഡ്രിൽ ചെയ്‌തത്.
നാല് മണിക്കൂർ കൂടി തുടർച്ചയായി തുരക്കാൻ കഴിഞ്ഞാൽ പൈപ്പ് സ്‌ഥാപിക്കുന്നത് പൂർത്തിയാക്കാൻ സാധിക്കും. തുടർന്ന് തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണ് നീക്കം. പുറത്തെത്തിച്ച ശേഷം ഇവരുടെ ആരോഗ്യസ്‌ഥിതി പരിശോധിക്കും. വലിയ പ്രശ്‌നങ്ങൾ ഇല്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നവരെ ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരമാനം.
അതിനായി, തുരങ്കത്തിന് സമീപത്തായി ഹെലിപാഡും സജ്‌ജമാക്കിയിട്ടുണ്ട്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം തടസപ്പെട്ടാൽ മറ്റു അഞ്ചു മാർഗങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. കുന്നിന് മുകളിൽ നിന്ന് താഴേക്ക് കുഴിച്ചു തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. മല തുരന്ന് തൊഴിലാളികളുള്ള സ്‌ഥലത്തേക്ക് എത്തണമെങ്കിൽ 15 ദിവസമെടുക്കും.
തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 12 ദിവസം പിന്നിട്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് നൽകുന്നുണ്ട്. അതിനിടെ, തൊഴിലാളികളുടെ ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുരങ്കത്തിലേക്ക് പുതിയതായി സ്‌ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
Most Read| കൊവിഡിന് ശേഷം ഹൃദയാഘാതം; വില്ലൻ അമിത മദ്യപാനവും കഠിന വ്യായാമവും- ഐസിഎംആർ