വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കും; കെ സുധാകരൻ

By Desk Reporter, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാന്‍ ഒത്താശ ചെയ്‌ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം.

വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഭരിക്കുന്ന എസ്എഫ്ഐ ഈ വിഷയത്തില്‍ മൗനം ഭജിക്കുന്നതും യൂണിയന്‍ ചെയര്‍മാന്‍ സിലബസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എന്നും സുധാകരൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നാട്ടിലെ സര്‍വകലാശാലയില്‍ ഹൈന്ദവ അജണ്ട ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തെ കാവിവൽകരിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം ആ ഉത്തരവാദിത്വം സര്‍വകലാശാലയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്‌തു. മതനിരപേക്ഷതയുടെ അപ്പോസ്‌തലരെന്ന് സ്വയം വാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്‌മാ ഗാന്ധിയെയും നെഹ്റുവിനെയും തമസ്‌ക്കരിച്ച് വര്‍ഗീയവാദികളെ പ്രകീര്‍ത്തിക്കുന്ന ബിജെപിയുടെ അതേ ശൈലി തന്നെയാണ് സിപിഎമ്മും എസ്എഫ്ഐയും സ്വീകരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കണ്ണൂര്‍ സര്‍വകലാശാല പിന്നോട്ട് പോയതും വിവാദ വിഷയം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയമിക്കാന്‍ തയ്യാറായതും കെഎസ്‍യു, യൂത്ത്കോണ്‍ഗ്രസ് സംഘടനകളുടെ ശക്‌തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്. ബോര്‍ഡ് ഓഫ് സ്‌റ്റഡീസ് രൂപവൽകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിലബസ് രൂപീകരണത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ പ്രത്യേക താൽപര്യം മാത്രമാണ് പരിഗണിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

Most Read:  നാർക്കോട്ടിക് ജിഹാദ്; ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പികെ കൃഷ്‌ണദാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE