വാളയാർ: തീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കർണാടകയിൽ രണ്ടാഴ്‌ച കർഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വാളയാർ അതിർത്തി വഴി നൂറിലേറെ വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. ഇതോടെ സംസ്‌ഥാന അതിർത്തിയിലെ തിരക്ക് വീണ്ടും കൂടിയിരിക്കുകയാണ്.
അടുത്ത മൂന്ന് ദിവസം കൂടി അതിർത്തിയിൽ തിരക്കുണ്ടാകും എന്നതിനാൽ പരിശോധനക്കും നിയന്ത്രണത്തിനുമായി കൂടുതൽ പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു. രജിസ്ട്രേഷനില്ലാതെ എത്തുന്നവരെ തടയുന്നുണ്ട്, ഇവരെ അതിർത്തിയിൽ എത്തിച്ച് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യിപ്പിച്ച ശേഷം മാത്രമാണ് കടത്തി വിടുന്നത്. സ്‌പോട് രജിസ്ട്രേഷൻ സൗകര്യവും അടുത്ത ദിവസം മുതൽ ഏർപ്പെടുത്തും.
വാളയാർ ഉൾപ്പടെ 11 അതിർത്തി ചെക്ക്‌പോസ്‌റ്റുകളിലും 24 മണിക്കൂറും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം, ചെമ്മണാംപതി, ഒഴലപ്പതി, നടുപ്പുണി, വേലന്താവളം, എല്ലപ്പെട്ടാംകോവിൽ, മുള്ളി, ആനക്കട്ടി ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വെഹിക്കിൾ, എക്‌സൈസ് വകുപ്പുകളും പോലീസിനെ സഹായിക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്നുണ്ട്.
Also Read: സംസ്‌ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം