വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ ശുപാർശ. അന്തിമ അന്വേഷണ റിപ്പോർട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് കൈമാറി.
കഴിഞ്ഞ ബുധനാഴ്‌ചയാണ് മാനന്തവാടി ആർടി ഓഫിസ് ജീവനക്കാരി സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് സിന്ധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുഖ്യ ആരോപണ വിധേയായ ജൂനിയർ സൂപ്രണ്ട് അജിത കുമാരിയോട് 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു.
അന്തിമ റിപ്പോർട്ടിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. മാനന്തവാടി സബ് ആർടി ഓഫിസിലെ മിക്ക ജീവനക്കാരും ഇതേ ഓഫിസിലാണ് എട്ട് വർഷമായി ജോലി ചെയ്യുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ നൽകിയിരിക്കുന്നത്.
Most Read: കോടതി രേഖകൾ ചോർത്തിയെന്ന പരാതി; ബൈജു പൗലോസ് കോടതിയിൽ ഹാജരാകും