പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊല്ലപ്പെട്ട കേസിലെ ഒരു പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്. അക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തമിഴ്‌നാട്ടിലെ എസ്‌ഡിപിഐ ശക്‌തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം കൊലപാതകത്തില്‍ ഉള്‍പ്പെട്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതേസമയം പെരുമ്പ് വരെയുള്ള സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും കൊലയാളികളെത്തിയ കാറ് കണ്ടെത്താന്‍ ഇതുവരെ പോലീസിനായില്ല.
പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ സഞ്‌ജിത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നും ബിജെപിയുടെ ഭാഗത്തുനിന്നും വിമർശനം ശക്‌തമായിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്‌തത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്‌തമായ ധാരണ പോലീസിന് ഉണ്ടെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം നയം എസ്‌ഡിപിഐയെ കൊണ്ട് നടപ്പാക്കുകയാണോ സർക്കാർ ചെയുന്നത്? പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ അത് പറയണം. കൊലപാതക കേസ് എൻഐഎയെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലയാളികൾക്ക് പോലീസിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപി നടത്തിയ മാർച്ചിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
Most Read: മോഡലുകളുടെ മരണം; അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍ മോചിതനായി