ന്യൂഡെൽഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്ന് വ്യക്‌തമാക്കി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ. മലിനീകരണം ഉയർന്നതിനെ തുടർന്നാണ് വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
സ്വകാര്യ സ്‌ഥാപനങ്ങൾ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും, ട്രക്കുകൾക്കും 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഡെൽഹി നഗരത്തിൽ ഓടാൻ അനുമതി ഇല്ലെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ മാസം 21ആം തീയതി വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സർക്കാർ നടത്തുന്ന അടിയന്തിര പ്രാധാന്യമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഡെൽഹിക്ക് ഒപ്പം തന്നെ ഹരിയാന, രാജസ്‌ഥാൻ, യുപി എന്നീ സർക്കാരുകളും മലിനീകരണം നിയന്ത്രിക്കുന്നതിനായി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ അറിയിച്ചു. വിഷപ്പുക നിറഞ്ഞു നിൽക്കുന്ന ഡെൽഹിയിൽ നിലവിൽ വായു ഗുണനിലവാര സൂചിക 471ന് മുകളിലാണ്.
Read also: ആർഎസ്‌എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു