ഗാസ: ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽഷിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്. പലസ്‌തീൻ റെഡ് ക്രസന്റും ലോകാരോഗ്യ സംഘടനയും യുഎന്നും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അതിർത്തിയായ റഫായിലെത്തിച്ച ശേഷം കുട്ടികളെ ഈജിപ്‌തിലെ ആശുപത്രികളിലേക്ക് മാറ്റും. യുദ്ധത്തിൽ പരിക്കേറ്റവരെയും മറ്റുമായി 291 രോഗികളെയും 25 ജീവനക്കാരെയും കൂടി പുറത്തെത്തിച്ചതായാണ് റിപ്പോർട്.
അതിനിടെ, ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 12 പേരെയെങ്കിലും മോചിപ്പിക്കാനുള്ള നീക്കവും ഊർജിതമായി നടക്കുന്നുണ്ട്. താൽക്കാലിക യുദ്ധവിരാമത്തിനും കൂടുതൽ ജീവകാരുണ്യ സഹായത്തിനുമുള്ള വ്യവസ്‌ഥകളും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നും വൈറ്റ് ഹൗസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ഫൈനർ അറിയിച്ചു. ചെറിയ തർക്കങ്ങൾ മാത്രമാണ് ധാരണക്ക് തടസമെന്ന് ഖത്തർ പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയയിലെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ടു സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 200ലധികം പേർക്കെങ്കിലും മരണമോ പരിക്കോ സംഭവിച്ചിരിക്കാമെന്നും ഹമാസ് ആരോപിക്കുന്നു. സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.
മധ്യ ഗാസയിലെ നുസൈറത്ത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിൽ രണ്ടു മാദ്ധ്യമ പ്രവർത്തകരടക്കം 31 പേർ കൊല്ലപ്പെട്ടു. തെക്കൻ മേഖലയിലെ ഖാൻ യൂനിസിൽ സ്‌ത്രീയും കുട്ടിയും കൊല്ലപ്പെട്ടു. അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഭിന്നശേഷിക്കാർ ഉൾപ്പടെ രണ്ടു പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 കുട്ടികളടക്കം 12,300 പേരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ, തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ തെക്കൻ ചെങ്കടലിൽ ബ്രിട്ടീഷ് ചരക്കുകപ്പൽ യെമനിലെ വിമത സേനയായ ഹൂതികൾ പിടിച്ചെടുത്തതായി ഈപ്പോർട്. ഗാലക്‌സി ലീഡർ എന്ന കപ്പലിലുള്ള 50 പേരിൽ ഇന്ത്യക്കാർ ഉള്ളതായി വ്യക്‌തമല്ല. ഇസ്രയേൽ വ്യവസായി ഏബ്രഹാം ഉൻഗറിന് പങ്കാളിത്തമുള്ള ബ്രിട്ടീഷ് കമ്പനിയുടേതാണ് കപ്പൽ. കപ്പലിൽ തങ്ങളുടെ പൗരർ ഇല്ലെന്ന് ഇസ്രയേൽ അറിയിച്ചു.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക