പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന. സംസ്‌ഥാനത്ത് എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്ന് ഗോവ ശിവസേന നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത് വ്യക്‌തമാക്കി. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ ശിവസേന മൽസരിക്കുമെന്നും, എന്‍സിപിയും തങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മറ്റന്നാൾ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ ഗോവയിലെത്തുന്നുണ്ട്. അതിന് ശേഷം മാത്രമേ എത്ര സീറ്റില്‍ ആരൊക്കെ മൽസരിക്കൂ എന്ന് വ്യക്‌തമാകൂയെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സഖ്യത്തിന് പോലും തയ്യാറാവാതിരിക്കുന്നത് പി ചിദംബരത്തിന്റെ പിടിവാശി മൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്.
മഹാരാഷ്‌ട്രയിലെയും ഗോവയിലെയും രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യമുണ്ട്. എന്നാല്‍ ഗോവയില്‍ ഒറ്റയ്‌ക്ക് മൽസരിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അവര്‍ സഖ്യമുണ്ടാക്കാന്‍ താൽപര്യപ്പെട്ടിട്ടില്ലെന്നും റാവത്ത് പറഞ്ഞു. നേരത്തെ ഗോവയിലെ സഖ്യത്തിന്റെ കാര്യത്തില്‍ സഞ്‌ജയ് റാവത്ത് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഫെബ്രുവരി പതിനാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. സര്‍വേകളിലെല്ലാം ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ ഭരണവിരുദ്ധ വികാരം ശക്‌തമാണെന്ന് സര്‍വേകള്‍ പറയുന്നുണ്ടെങ്കിലും, കോണ്‍ഗ്രസിന് അത് മുതലെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
Read Also: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം; കോടിയേരി