ന്യൂഡെൽഹി: ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിനെതിരേ ആർജെഡി വക്‌താവ് ശിവാനന്ദ് തിവാരി. മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ പോലെ കനയ്യ കുമാറും കോൺഗ്രസിന് ബാധ്യതയായി തീരുമെന്ന് തിവാരി പറഞ്ഞു. നല്ല പ്രാസംഗികനായത് കൊണ്ട് മാത്രം രാഷ്‌ട്രീയക്കാരൻ ആകില്ലെന്നും കനയ്യ കുമാറിന് പാർട്ടിയെ ശക്‌തിപ്പെടുത്താൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് എന്നും ശിവാനന്ദ് തിവാരി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്നാണ് പാർട്ടിയിൽ അംഗത്വം എടുത്തതിന് പിന്നാലെ കനയ്യ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസെന്നാൽ വെറുമൊരു രാഷ്‌ട്രീയ പാർട്ടി മാത്രമല്ല, അതൊരു ആശയമാണ്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ട് കോൺഗ്രസ് ഇല്ലാതെ രാജ്യം രക്ഷപ്പെടില്ലെന്നാണ് താനടക്കമുള്ള പലരും ചിന്തിക്കുന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെക്കാലമായി ഉയർന്നുകേട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എഐസിസി ആസ്‌ഥാനത്ത് നടന്ന പരിപാടിയിൽ വെച്ചാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. അതേസമയം, കനയ്യ പാർട്ടിയെ ചതിച്ചുവെന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ പ്രതികരണം.
Read also: നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം