ശ്രീനഗർ: കശ്‌മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി സംസ്‌ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ). താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്.
ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ് റെയ്‌ഡ് നടത്തിയത്. തെക്കൻ, മധ്യ കശ്‌മീരിലെ വിവിധ ജില്ലകളിലെ 10 സ്‌ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നതായി അന്വേഷണ ഏജൻസി പ്രസ്‌താവനയിൽ പറഞ്ഞു. തീവ്രവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഈയിടെ രൂപീകരിച്ച ഏജൻസിയാണ് എസ്ഐഎ.
എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽ നിന്ന് രക്ഷപ്പെടാൻ ഭീകരർ വിവിധ രൂപത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. ഒരു അംഗത്തെ കണ്ടെത്തിയാൽ നെറ്റ്‌വർക്ക് വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനുള്ള തന്ത്രങ്ങളും ഇവർ മെനഞ്ഞിരുന്നു.
പരിശോധനയിൽ സെൽഫോണുകൾ, സിം കാർഡുകൾ, ബാങ്കിംഗ് രേഖകൾ, കൂടാതെ ഒരു ഡമ്മി പിസ്‌റ്റൾ എന്നിവയും പിടികൂടിയിട്ടുണ്ട്. സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും സാമ്പത്തികം ക്രമീകരിക്കുന്നതിനും തെക്കൻ, മധ്യ കശ്‌മീരിൽ ആയുധങ്ങൾ കൊണ്ടുപോകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഭീകരർ പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
Most Read: മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ദിലീപ്; ഹരജി കോടതി പരിഗണിക്കും