തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യൂജെ) പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ സംസ്‌ഥാനത്തെ എല്ലാ പ്രസ് ക്‌ളബുകളിലും കരിദിനം ആചരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. വരും ദിവസങ്ങളിൽ രാജ്ഭവന് മുന്നിൽ ധർണ ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനും തീരുമാനമായി.
കഴിഞ്ഞ ദിവസം സിദ്ദിഖിന് കോവിഡ് സ്‌ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്‌ഥിരീകരിച്ചത്.
മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ള്യൂജെ ഡെൽഹി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്‌ധ ചികിൽസക്കായി ഡെൽഹിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടു. നിലവില്‍ കാപ്പനെ മഥുര ജയിലില്‍ നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേരാണ് കാപ്പന് മികച്ച ചികിൽസ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അദ്ദേഹത്തെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 11 എംപിമാർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണക്ക് കത്തു നൽകിയിട്ടുണ്ട്.
എംകെ മുനീർ, പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ നാസര്‍ മഅ്ദനി തുടങ്ങിയവരും കാപ്പന് വേണ്ടി കേരളാ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് ഭാര്യ റൈഹനത്തും ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാൻ പറ്റുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും റൈഹാനത്ത് പറഞ്ഞു.
Also Read: സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്‌ത സംഭവം; സ്‌ഥിരീകരിച്ച് ഐടി മന്ത്രാലയം