കടമെടുപ്പ് പരിധി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം

26,000 കോടി രൂപ കടമെടുക്കാൻ അടിയന്തിര അനുവാദം വേണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.

By Trainee Reporter, Malabar News
supreme-court-
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന് ഇന്ന് സുപ്രീം കോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹരജി പരിഗണിക്കുന്നത്.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശബളവും പെൻഷനും നൽകാൻ പോലും സംസ്‌ഥാന സർക്കാർ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ, അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.

കേന്ദ്ര സർക്കാർ രാഷ്‌ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേതാണ്. 26,000 കോടി രൂപ കടമെടുക്കാൻ അടിയന്തിര അനുവാദം വേണം. സംസ്‌ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കമെന്നും കേരളം വാദിക്കുന്നു.

എന്നാൽ, കേരളത്തിന്റെ ഹരജി നിലനിൽക്കുന്നതല്ലെന്നാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. കേരളത്തിൽ മോശം ധനകാര്യനിർവഹണമാണ് നടക്കുന്നത്. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഹരജി പിൻവലിച്ചാൽ അടിയന്തിരമായി 13,000 കോടി രൂപ അനുവദിക്കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു.

ഹരജി നേരത്തെ പരിഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഇരു സർക്കാരും ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു. ഹരജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂവെന്ന നിലപാട് ശരിയല്ലെന്നും കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതമാണ് ചോദിക്കുന്നതെന്നും ധനമന്ത്രി വ്യക്‌തമാക്കിയിരുന്നു.

അതേസമയം, സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങിയെങ്കിലും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണമുണ്ട്. അതിനൊപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളൂ. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ല. വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. സ്‌പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹഷ്‌കരിക്കേണ്ടി വരുമെന്ന് നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News| ‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE