ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്.
ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെ. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റില്ല, ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചു. ഫാർമേഴ്‌സ് പ്രൊട്ടസ്‌റ്റ് എന്ന ഹാഷ്‌ടാഗോട് കൂടിയാണ് ഗ്രെറ്റ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ ഡെൽഹി പോലീസ് കേസെടുത്തത്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലായിരുന്നു കേസ്. മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്‌തുവെന്നാണ് പോലീസ് ആരോപണം.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോപ്പ് ഗായിക റിഹാന്ന ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് ചൊവ്വാഴ്‌ച ഗ്രെറ്റയും ട്വീറ്റ് ചെയ്‌തത്. പിന്നീട് വ്യാഴാഴ്‌ചയും ഗ്രെറ്റ കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌തു.
കർഷക സമരത്തെ പിന്തുണക്കാൻ സഹായകരമായ ടൂൾകിറ്റ് പങ്കുവെച്ചുകൊണ്ടാണ് രണ്ടാമത് ഗ്രെറ്റ കർഷക സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചത്. കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള ഡെൽഹിയിലെ കർഷക സമരത്തിന് ആഗോളതലത്തിൽ ആളുകൾക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂൾകിറ്റിൽ വിശദീകരിക്കുന്നത്.
അതേസമയം, കർഷക സമരത്തെ അനുകൂലിച്ച് ഗ്രെറ്റ തുൻബെർഗ് അടക്കമുള്ളവർ ട്വീറ്റ് ചെയ്‌തതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും പറയുന്നതിന് മുൻപ് വസ്‌തുതകൾ പരിശോധിക്കണമെന്നും കാര്യങ്ങൾ മനസിലാക്കണമെന്നുമാണ് മന്ത്രാലയം പ്രതികരിച്ചത്. ഹാഷ്‌ടാഗുകളും അഭിപ്രായങ്ങളും മറ്റും പ്രശസ്‌തരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദപരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Read also: പ്രസ്‌താവനകളും പ്രസംഗങ്ങളുമല്ല, ചർച്ചയാണ് ആവശ്യം; കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം