ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിൽ കുട്ടികൾക്കെതിരെ തെരുവ് നായ്‌ക്കളുടെ അക്രമം കൂടുന്നതായി കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരുകൾക്കും, തദ്ദേശ സ്‌ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്നാണ് കമ്മീഷന്റെ ആവശ്യം. അഭിഭാഷകനായ ജയ്‌മോൻ ആൻഡ്രൂസ് മുഖേനയാണ് അപേക്ഷ ഫയൽ ചെയ്‌തത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷി ചേരാനാണ് അപേക്ഷ. കേരളത്തിലെ കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
അക്രമകാരികളായ തെരുവുനായ്‌ക്കളെ മാനുഷികമായ മാർഗങ്ങളിലൂടെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12ന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കേസിലെ എല്ലാ എതിർകക്ഷികളോടും ജൂലൈ ഏഴിനകം മറുപടി സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിലിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്