കൊല്ലം: ജില്ലയിൽ ശക്‌തമായ കാറ്റും മഴയും. പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുത പോസ്‌റ്റുകൾ തകർന്ന് വീണും പലയിടത്തും ഗതാഗത തടസം രൂക്ഷമാണ്. ചാത്തന്നൂർ, പാരിപ്പള്ളി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. ചടയമംഗലത്ത് റബ്ബർ മരം വീടിന് മുകളിലേക്ക് കടപുഴകി വീണു. ആളപായമില്ല.
അതേസമയം തിരുവനന്തപുരം ജില്ലയിലും കനത്ത മഴ തുടരുകയാണ്. കാട്ടാക്കട താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ്. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫിസിൽ വെള്ളം കയറി. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൂടി മഴ വ്യാപിക്കും എന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കനത്ത മഴയ്‌ക്ക് പിന്നാലെ അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ ഇരുപത് സെന്റി മീറ്റർ ഉയർത്തി. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം ബുധനാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപത്തായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ചക്രവാതച്ചുഴി തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചേക്കും.
Most Read: സംസ്‌ഥാനത്ത് പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ല; ധനമന്ത്രി