ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകളുടെ പലിശക്ക് മേലുള്ള അധിക പലിശ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് ചോദിച്ച കോടതി എന്തിനാണ് കേന്ദ്രം റിസര്‍വ് ബാങ്കിനു പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതെന്നും ചോദ്യമുന്നയിച്ചു. വിഷയത്തില്‍ ഒരാഴ്ചക്കകം സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കാനാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
ദുരന്തനിവാരണ വകുപ്പ് പ്രകാരം ന്യായമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഉണ്ടായിട്ടും ഈ വിഷയത്തില്‍ കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേന്ദ്രത്തിന്റെ നിലപാടറിയിക്കാന്‍ ഒരാഴ്ച്ചത്തെ സാവകാശം കോടതി അനുവദിച്ചത്. റിസര്‍വ് ബാങ്കുമായി ചേര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചത്.
ജസ്റ്റിസ് അശോക് ഭൂഷണ് പുറമേ ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരന്ത നിവാരണ വകുപ്പ് പ്രകാരം അധിക പലിശ ഈടാക്കാന്‍ കഴിയുമോ എന്നതടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ മൊറട്ടോറിയത്തിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്ന് ബോധിപ്പിച്ചു. അതിന്റെ കാലാവധി നീട്ടിനല്‍കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.