‘ഗാസയിൽ ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ ഇല്ലാതെ’; ലോകാരോഗ്യ സംഘടന

ഗാസയിലെ ആശുപത്രികളിൽ അവയവങ്ങൾ നീക്കുന്നതുൾപ്പടെയുള്ള ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ നൽകാതെയാണെന്നും ലോകാരോഗ്യ സംഘടന വക്‌താവ്‌ ക്രിസ്‌റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.

By Trainee Reporter, Malabar News
world-health-organisation
Ajwa Travels

ഗാസ സിറ്റി: ഗാസയിൽ സാധാരണക്കാർ നേരിടുന്ന ഭീകരമായ അവസ്‌ഥയെ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലെ ആശുപത്രികളിൽ അവയവങ്ങൾ നീക്കുന്നതുൾപ്പടെയുള്ള ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ നൽകാതെയാണെന്നും ലോകാരോഗ്യ സംഘടന വക്‌താവ്‌ ക്രിസ്‌റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.

ഗാസയിൽ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ വസ്‌തുക്കളുടെ വിതരണം തടസപ്പെടുന്നതിലും ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക അറിയിച്ചു. ഇവ ഉണ്ടെങ്കിൽ മാത്രമേ ഗാസയ്‌ക്ക് ഇനി അതിജീവിക്കാൻ സാധിക്കുകയുള്ളൂ. ഭക്ഷണവും മറ്റും എത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. 500 ട്രക്ക് ഭക്ഷ്യവസ്‌തുക്കൾ എങ്കിലും വിതരണം ചെയ്യാൻ അനുവദിക്കണം. അതിർത്തിയിൽ മാത്രമല്ല, പലസ്‌തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

16 ആരോഗ്യപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു. ഇത് രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. അൽ ഷതി അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ലബോറട്ടറി ടെക്‌നീഷ്യൻ മുഹമ്മദ് അൽ അഹെലിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇത്തരത്തിൽ നിരവധി ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾ ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങളിൽ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളിൽ അനസ്‌തേഷ്യയില്ലാതെ ശസ്‌ത്രക്രിയ ചെയ്യേണ്ട അവസ്‌ഥയിലാണെന്നും ക്രിസ്‌റ്റ്യൻ ലിൻഡ്‌മെയർ വ്യക്‌തമാക്കി. മരണത്തിന്റെയും കഷ്‌ടപ്പാടുകളുടെയും ആഴമളക്കുക പ്രയാസകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാസയിലേക്ക് സഹായവുമായി പോയ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായെന്ന് റെഡ് ക്രോസ് അധികൃതർ അറിയിച്ചു. രണ്ടു ട്രക്കുകൾ ആക്രമണത്തിൽ തകർന്നു.

അതിനിടെ, കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറിയെന്നാണ് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ പ്രതികരിച്ചത്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇസ്രയേൽ ഗാസയിൽ തുടരുന്ന ആക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ 4,237 കുട്ടികളാണ്. ഓരോ ദിവസവും ശരാശരി 134 കുട്ടികൾ എന്നതാണ് ഗാസയിലെ മരണനിരക്ക്.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ട് പോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. അനിശ്‌ചിത കാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസിലെ എബിസി ചാനലിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.

Most Read| മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE