മലപ്പുറം: കോവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ വൻ വർധനവാണ് ജില്ലയെ ആശങ്കയിലാഴ്‌ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്‌തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അഞ്ച് ദിവസം കൊണ്ട് 8 ശതമാനം വർധനവാണ് ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായത്.
നേരത്തെ 22 ശതമാനം ആയിരുന്നത് 30.01 ശതമാനമായി ഉയർന്നു. പരിശോധനക്ക് വിധേയമാകുന്ന 10ൽ മൂന്ന് പേർക്കും കോവിഡ് ബാധ സ്‌ഥിരീകരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ജില്ല എത്തി നിൽക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനമാണ് സ്‌ഥിതി വഷളാക്കിയത്. ഇന്നലെ രോഗബാധ സ്‌ഥിരീകരിച്ച 2455 പേരിൽ 2344 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 235,97 ആയി ഉയരുകയും ചെയ്‌തിട്ടുണ്ട്. ജില്ലയിൽ ആരിൽ നിന്നും രോഗം പകരാവുന്ന സഹചര്യമാണെന്നും അതീവ ജാഗ്രത പുലർത്താനുമാണ് ജില്ലാ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കൊണ്ടോട്ടി, മലപ്പുറം, വാഴക്കാട്, പൊന്നാനി മേഖലകളിലാണ് വ്യാപനം രൂക്ഷം. ജില്ലയിൽ 23 ഇടങ്ങളിൽ നിരോധനാജ്‌ഞ നിലനിൽക്കുന്നുണ്ട്. മറ്റിടങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അടുത്ത ദിവസം ചേരുന്ന സർവകക്ഷി യോഗത്തിന് ശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
Read Also: ഗെയിൽ പൈപ്പ്ലൈൻ മൂന്നാംഘട്ടം; ഉടൻ കമ്മീഷൻ ചെയ്യും