കേന്ദ്രത്തിന്റെ വാക്‌സിൻ നയം കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി

By Desk Reporter, Malabar News
mullappally_ramachandran
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിന്റെ വാക്‌സിൻ നയം ജനദ്രോഹ പരിഷ്‌കാരമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സിൻ ജനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

“സംസ്‌ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് കേന്ദ്രത്തിന്റെ വാക്‌സിൻ നയം. ഇതുമൂലം പൊതുവിപണിയില്‍ നിന്നും സംസ്‌ഥാനങ്ങള്‍ പണം കൊടുത്ത് വാക്‌സിൻ വാങ്ങേണ്ട അവസ്‌ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമില്ല. ഇത് പ്രതിഷേധാര്‍ഹമാണ്,”- മുല്ലപ്പള്ളി പറഞ്ഞു.

വാക്‌സിൻ വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്‌ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം വലിയ വിപണി തുറന്നു കൊടുത്തിരിക്കുകയാണ്. വാക്‌സിൻ നിർമാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്‌ടിക്കുകയാണ് കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ നയം അനുസരിച്ച് മെയ് ഒന്ന് മുതല്‍ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്രം വാക്‌സിൻ നൽകില്ല. അവർ വാക്‌സിൻ നിർമാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇത് വാക്‌സിൻ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയരുന്നതിന് ഇടയാക്കും. കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന വാക്‌സിനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാക്‌സിൻ വിതരണത്തിൽ കേരളാ സർക്കാരിനെയും മുല്ലപ്പള്ളി വിമർശിച്ചു. വാക്‌സിൻ വിതരണത്തില്‍ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്നും ആവശ്യമായ വാക്‌സിനുകള്‍ ശേഖരിക്കുന്നതിൽ വീഴ്‌ചവരുത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. സംസ്‌ഥാനത്തെ പല വാക്‌സിൻ കേന്ദ്രങ്ങളും ഇപ്പോള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്. അസാധാരണമായ തിക്കും തിരക്കുമാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read:  മകളുടെ ആഭരണങ്ങൾ അഴിച്ചെടുത്ത് വിറ്റു; മദ്യവും സിഗരറ്റും വാങ്ങി; സനുമോഹന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE