തിരുവനന്തപുരം: പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചതിനാൽ മെഡിക്കൽ കോളേജ് പിജി ഡോക്‌ടർമാർ ആരംഭിച്ച സമരം പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ജോലിഭാരം കുറക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യമാണ് സർക്കാർ ഇന്നലെ അംഗീകരിച്ചത്. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്‌ടർമാരെ താൽകാലികമായി നിയമിക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രി സർക്കാർ പുറത്തിറക്കി.
ഒന്നാം വർഷ പിജി പ്രവേശനം വൈകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവർത്തനം സുഗമമാക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെ തുടർന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് താൽകാലിക നിയമനം. അതേസമയം, ഉത്തരവിലെ വ്യവസ്‌ഥകൾ പരിശോധിച്ച ശേഷമേ സമരം പിൻവലിക്കൂ എന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നു.
Most Read: മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; ഉദ്യോഗസ്‌ഥന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചു