മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചതായി റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണക്കുന്ന വിമതരുടെ കൈവശമുള്ള ഡോൺബാസിൽ ആയിരിക്കും. യുക്രൈന്റെ ചെറുത്തുനിൽപ്പിന്റെ തീവ്രത കുറയ്‌ക്കാനായെന്ന് റഷ്യ പറയുന്നു. യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് റഷ്യയുടെ പ്രഖ്യാപനം. എന്നാൽ, സ്വന്തം മുഖം രക്ഷിക്കാനുള്ള പുടിന്റെ തന്ത്രമാണിതെന്നാണ് വിലയിരുത്തലുകൾ.
യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയിട്ട് ഒരു മാസവും രണ്ട് ദിവസവും പിന്നിട്ടിരിക്കുകയാണ്. യുദ്ധതന്ത്രത്തിൽ എന്താണോ ലക്ഷ്യം വെച്ചത് അത് ആദ്യഘട്ടത്തിൽ സാധിച്ചുവെന്നാണ് റഷ്യയുടെ അവകാശവാദം. ആദ്യഘട്ടത്തിൽ യുക്രൈന്റെ സൈനികശേഷി കുറയ്‌ക്കാൻ കഴിഞ്ഞുവെന്ന് റഷ്യൻ അധികൃതർ പറയുന്നു. സൈനിക കേന്ദ്രങ്ങളും യുക്രൈൻ സർക്കാരുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളുമാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ ആ ലക്ഷ്യത്തിലേക്ക് റഷ്യ എത്തിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
നിലവിൽ ഡോൺബാസിന്റെ വിമോചനമാണ് റഷ്യ ലക്ഷ്യം വെക്കുന്നത്. റഷ്യൻ അനുകൂലികളായ യുക്രൈൻ വിമതരുടെ കേന്ദ്രമാണിത്. യുദ്ധം തുടങ്ങിയപ്പോൾ റഷ്യ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഡോൺബാസിന്റെ മോചനം.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ