കാല്‍പന്തിന്റെ മലപ്പുറം പെരുമ; കാരപ്പുറം സ്വദേശി 15കാരൻ ഷാ​ഹിദ് അ​ഫ്രീ​ദി ബംഗളൂരു എഫ്‌സിയിലേക്ക്

By Desk Reporter, Malabar News
Shahid Afridi Football player Karappuram
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം കാരപ്പുറം സ്വദേശി 15കാരന്‍ ഷാഹിദ് അഫ്രീദിക്കാണ് പ്രഫഷണല്‍ ഫുട്‍ബോൾ രംഗത്തെ പ്രശസ്‌ത ക്‌ളബുകളിലൊന്നായ ബംഗളൂരു എഫ്‍സിക്കായി ബൂട്ടണിയാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.

കാരപ്പുറം ചോലയിലെ പിലാക്കല്‍ ജലീല്‍-സാഹിറ ദമ്പതികളുടെ മകനായ ഷാഹിദ് അഫ്രീദി യൂത്ത് ഐലീഗില്‍ ബംഗളൂരു എഫ്‍സിക്കായി കളിക്കാന്‍ കരാര്‍ ഉറപ്പിച്ചിരിക്കുകയാണ്. ഷാഹിദിന്റെ ആദ്യപരിശീലന കളരി കേരള ബ്ളാസ്‌റ്റേഴ്‌സ് ഫുട്‍ബോൾ അക്കാദമിയായിരുന്നു. നിലമ്പൂരിലെ കമാലുദ്ദീന്‍ മോയിക്കല്‍, ഇസ്ഹാഖ്, ഉസ്‌മാൻ, ഷാജി എന്നിവര്‍ക്ക് കീഴിലും വിദഗ്‌ധ പരിശീലനം നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍.

ഫുട്ബാള്‍ ആരാധകരുടെ പ്രശംസക്ക് അര്‍ഹമായ മികച്ചപ്രകടനമാണ് ചെറുപ്രായത്തില്‍ തന്നെ ഈ മിടുക്കന്‍ പലകളികളിലും പുറത്തെടുത്തിരുന്നത്. എഫ്‍സി കേരള, റെഡ് സ്‌റ്റാർ തുടങ്ങിയ ക്‌ളബുകൾക്കായി ഷാഹിദ് അഫ്രീദി കാഴ്‌ചവച്ച കളികളെല്ലാം ആരാധക പ്രശംസ നേടിയിരുന്നു. കാൽപന്ത് കളിയിൽ കാണിക്കുന്ന അസാമാന്യ മികവാണ് ചെറുപ്രായത്തിൽ തന്നെ ഷാഹിദിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു.

14 ദിവസത്തെ പരിശീലന ക്യാംപിൽ പങ്കെടുക്കാൻ ഷാഹിദ് ഇന്ന് മാതാപിതാക്കള്‍ക്കൊപ്പം ബംഗളൂരുവിലേക്ക് പുറപ്പെടുകയാണ്. ഫുട്‍ബോൾ തന്നെയാണ് തന്റെ ജീവിത ലക്‌ഷ്യമെന്ന് മുൻ സായ് കാമ്പസ് വിദ്യാര്‍ഥി കൂടിയായ ഷാഹിദ് അഫ്രീദി പറയുന്നു.

മകന് കൈവന്ന ഈ നേട്ടം തന്റെ ആഗ്രഹ സഫലീകരണം കൂടിയാണ്. തന്റെ ബാല്യകാലത്ത് വേണ്ടത്ര അവസരമോ മാതാപിതാക്കളില്‍ നിന്നുള്ള പിന്തുണയോ ലഭിച്ചില്ല. മാത്രവുമല്ല അതിനുള്ള സാമ്പത്തിക ശേഷിയും ഞങ്ങള്‍ക്കില്ലായിരുന്നു. ഈ അവസ്‌ഥകളിലൂടെ കടന്നുവന്ന ഞാന്‍ എനിക്ക് ലഭിക്കാതെ പോയ അവസരങ്ങളെ ഓര്‍ത്ത് പലപ്പോഴും വിഷമിച്ചിട്ടുണ്ട്; ഷാഹിദിന്റെ പിതാവ് ജലീല്‍ മലബാര്‍ ന്യൂസിനോട് പറഞ്ഞു.

ജലീലിപ്പോൾ, കളിക്കാന്‍ കഴിവുള്ള ഒരാള്‍ക്ക് പോലും പരിശീലനത്തിന്റെ അഭാവത്തില്‍ ഒരവസരവും നഷ്‌ടപ്പെടാതിരിക്കാന്‍ എടക്കര ആസ്‌ഥാനമായി ഹെഡ്‌കോച്ച് ഇസ്ഹാഖ് ഉസ്‌മാന്റെ നേതൃത്വത്തില്‍ കീപ്പര്‍ കോച്ച് അന്‍ഫാദ്, ഫാരിസ് മുണ്ട, അജ്‌സൽ എടക്കര എന്നിവരുമായി ചേര്‍ന്ന് ഇറ്റാലിയന്‍ ഫുട്‍ബോൾ അക്കാദമി എന്ന സ്‌ഥാപനം നടത്തുകയാണ്.

ഇവിടെ 5 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് തികച്ചും സൗജന്യമായി പരിശീലനം നല്‍കി വരുന്നു. ഇപ്പോള്‍ 90 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പല ബാച്ചുകളിലായി പരിശീലനം നല്‍കുന്നു. മറ്റു പാഠഭാഗങ്ങള്‍ പോലെ തന്നെ പ്രധാനമാണ് സ്‌പോർട്‌‌സും, അതിനാല്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരവും പ്രചോദനവും നല്‍കണമെന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയാനുള്ളത്“; തന്റെ കാഴ്‌ചപ്പാട് ജലീൽ മലബാര്‍ ന്യൂസുമായി പങ്കു വെച്ചു.

തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാര്‍ഥി അഫ്‌സൽ ഷാഹിദ്, മൂത്തേടം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥി ആസിഫ് സഹീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Most Read: സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സക്ക് തോൽവി; മെസിക്ക് ചുവപ്പ് കാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE