ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വെള്ളിയാഴ്‌ച അറിയിച്ചു.
ജൂലൈയിൽ ഏകദേശം 50.07 ലക്ഷം ആഭ്യന്തര യാത്രക്കാർ വിമാനത്തിൽ യാത്ര ചെയ്‌തതായാണ് ഡിജിസിഎ പുറത്തുവിട്ട കണക്കിൽ പറയുന്നു. ജൂൺ മാസത്തിൽ ഇത് കേവലം 31.13 ലക്ഷം മാത്രമായിരുന്നു. അതിനേക്കാൾ 61 ശതമാനം വർധനവാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ യഥാക്രമം 57.25 ലക്ഷം ആളുകളും, 21.15 ലക്ഷം ആളുകളും ആഭ്യന്തര വിമാന സർവീസുകൾ മുഖേന യാത്ര ചെയ്‌തിട്ടുണ്ട്. രാജ്യത്തെ മറ്റ് മേഖലകൾ എന്നപോലെ തന്നെ വ്യോമയാന മേഖലയെയും സാരമായി ബാധിച്ച കോവിഡ് രണ്ടാം തരംഗമാണ് മെയ് മാസത്തിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ പെട്ടെന്നുള്ള ഇടിവിന് കാരണമായത്.
എന്നാൽ ജൂൺ മാസത്തിൽ നിയന്ത്രണങ്ങൾ എടുത്ത് മാറ്റാൻ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിരുന്നു. വിമാന കമ്പനികളിൽ ഇൻഡിഗോ തന്നെയാണ് യാത്രക്കാരുടെ എണ്ണതിൽ മുന്നിലെത്തിയത്. 29.32 ലക്ഷം യാത്രക്കാരെ അവർക്ക് ലഭിച്ചു, ആഭ്യന്തര വിപണിയുടെ 58.6 ശതമാനം വിഹിതം വരുമിത്. സ്‌പൈസ് ജെറ്റ് മുഖേന 4.56 ലക്ഷം യാത്രക്കാരാണ് പറന്നത് , 9.1 ശതമാനം വിഹിതമാണിത്.
Read Also: ലൂസിഫർ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു