ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
കർഷകരുടെ പ്രശ്‌നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായ പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന ട്വീറ്റ് ചെയ്‌തു.
#India: We call on the authorities and protesters to exercise maximum restraint in ongoing #FarmersProtests. The rights to peaceful assembly & expression should be protected both offline & online. It’s crucial to find equitable solutions with due respect to #HumanRights for all.
— UN Human Rights (@UNHumanRights) February 5, 2021
അതേസമയം, തങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ പുതിയ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപക ദേശീയപാതാ ഉപരോധം നടക്കും.
മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്‌ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡെൽഹി -എൻസിആർ എന്നിവയൊഴികെ എല്ലാ പ്രധാന പാതകളിലും ഗതാഗതം സ്‌തംഭിക്കും. കരിമ്പുകർഷകർ വിളവെടുപ്പു തിരക്കിലായതിനാൽ ഈ മൂന്ന് മേഖലകളിൽ ഉപരോധം നടക്കില്ലെന്ന് കർഷകർ വ്യക്‌തമാക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണി മുതൽ മൂന്ന് വരെയാണ് ഉപരോധം.
ആംബുലൻസ് പോലുള്ള അടിയന്തരവും അത്യാവശ്യവുമായ വാഹനങ്ങൾ, സ്‌കൂൾ ബസുകൾ എന്നിവ കടന്നുപോകാൻ അനുവദിക്കണമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രതിഷേധക്കാർക്ക് നിർദേശം നൽകി.
അതേസമയം, ഉപരോധത്തിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചർച്ചനടത്തി. പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്‌തമാക്കാനാണ് കൂടിക്കാഴ്‌ചയിലെ തീരുമാനം.
Also Read: ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും മ്യാൻമറിൽ വിലക്ക്