തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കവർച്ചയ്‌ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്‌ടാവ് അഗ്‌സർ ബാഷയാണെന്ന് ആണ് പോലീസ് സംശയിക്കുന്നത്. മൂന്ന് സ്‍ത്രീകളെയാണ് പ്രതി മയക്കി കിടത്തി കവർച്ച നടത്തിയത്.
റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്‌ടാവ് അഗ്‌സർ ബാഷ നിസാമുദിൻ എക്‌സ്‌പ്രസിൽ ഉണ്ടായിരുന്നുവെന്ന് സ്‌ഥിരീകരിച്ചത്. മോഷണത്തിന് ഇരകളായ വിജയലക്ഷ്‌മിയും മകൾ ഐശ്വര്യയും സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നു. വിജയലക്ഷ്‌മി ഇയാളെ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്.
സമാനമായ രീതിയിൽ ഇതിന് മുൻപും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സഹയാത്രികർക്ക് ഭക്ഷണം നൽകി ബോധരഹിതരാക്കിയ ശേഷം കവർച്ച നടത്തുന്നത് ഇയാളുടെ രീതിയാണെന്നാണ് വിവരം. തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഇയാൾ രക്ഷപ്പെട്ടതാകാമെന്ന് പോലീസ് പറയുന്നു.
ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ വിജയക്ഷ്‌മിയേയും മകളേയും കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി. വിജയലക്ഷ്‌മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതി.
ട്രെയിനിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഗൗസല്യയാണ് കവർച്ചയ്‌ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർച്ച ചെയ്‌തത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
National News: സമരം ശക്‌തമാകുന്നു; വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത്