മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ; ‘മാതൃകവചം’ ക്യാംപയിനുമായി ആരോഗ്യവകുപ്പ്

By Desk Reporter, Malabar News
Covid-Vaccine for Pregnant lady
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം‘ എന്ന പേരില്‍ ക്യാംപയിൻ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാംപയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും വാക്‌സിനേഷനായി രജിസ്‌റ്റർ ചെയ്യിക്കും.

സ്വന്തമായി രജിസ്‌റ്റർ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോൽസാഹിപ്പിക്കും. സ്‌മാർട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്‌റ്റർ ചെയ്യിപ്പിക്കും. ഓരോ സബ് സെന്റര്‍ പ്രദേശത്തുള്ള മുഴുവന്‍ ഗര്‍ഭിണികളും രജിസ്‌റ്റർ ചെയ്‌ത്‌ വാക്‌സിന്‍ സ്വീകരിച്ചു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാംപുകള്‍ പ്രത്യേക ദിവസങ്ങളില്‍ ജില്ലാതലത്തില്‍ തീരുമാനിച്ച് നടത്തും. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതാണ്.

കോവിഡ് ബാധിച്ചാല്‍ അത് ഗര്‍ഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്‌താതിമർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്‌ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കുക എന്നത് വളരെ പ്രധാനമായ പ്രതിരോധ നടപടിയാണ്. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്‌സിനും ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

ഗര്‍ഭാവസ്‌ഥയുടെ ഏത് കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാനാകും. ഗര്‍ഭാവസ്‌ഥയില്‍ തന്നെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിക്കാനായാല്‍ അത് കൂടുതല്‍ സുരക്ഷ നല്‍കും. കഴിയുന്നതും മുന്നേ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിതയായാല്‍ പ്രസവം കഴിഞ്ഞ് മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാനാവുക.

എന്നാല്‍ കോവിഡ് രോഗമുക്‌തയായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവെച്ച ഭാഗത്ത് വേദന, ഒന്നു മുതല്‍ മൂന്ന് ദിവസം വരെ ക്ഷീണം എന്നിവ കണ്ടേക്കാം. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാലും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ പ്രതിരോധ ശീലങ്ങള്‍ തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Most Read:  പാലാരിവട്ടം അഴിമതിയിൽ സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെ; വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE