തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് ഹരജിക്കാരനായ ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് കെ ബാബു വിധി പറയുക.
ഹരജി തള്ളിയ വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറി നേരത്തെ വ്യക്‌തമാക്കിയിരുന്നു. കേസിൽ തെളിവില്ലെന്ന് വിജിലൻസ് കോടതി കണ്ടെത്തിയത് പ്രഥമദൃഷ്‌ട്യാ ശരിയല്ലെന്നും, രാഷ്‌ട്രീയ നേതാക്കൾക്ക് പണം നൽകിയതിന് സാക്ഷിമൊഴികളുള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ഇടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്.
ഹരജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മാസപ്പടി ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞു എന്നിവർ ഉൾപ്പടെ 12 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം