തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ കോടതി വിധിയുടെ ലംഘനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്നതെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് പറഞ്ഞു. കേസിൽ എന്ത് ചെയ്യാൻ പാടില്ലായെന്ന് കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്‌ക്ക് വിരുദ്ധമാണ് പുതിയ സമൻസെന്നും തോമസ് ഐസക് വിമർശിച്ചു.
കേസിൽ ചോദ്യം ചെയ്യാനായി തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ല. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇതേ ന്യായങ്ങൾ പറഞ്ഞു ഇഡി വീണ്ടും സമൻസ് അയക്കുകയാണെങ്കിൽ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
കിഫ്‌ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നൽകുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമൻസ്. ആദ്യം നൽകിയ രണ്ടു സമൻസുകളും ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു. ഹരജി പൂർണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്‌തത്. ഹൈക്കോടതി അനുവദിച്ച ഹരജികളിൽ ഉന്നയിച്ച ആക്ഷേപങ്ങൾ കോടതി അംഗീകരിച്ചു എന്നർഥം.
എന്തെങ്കിലും നിയമലംഘനം, കുറ്റം ഉണ്ടെന്ന സാഹചര്യത്തിലേ അന്വേഷണം നടത്താൻ പാടുള്ളൂ. അല്ലാതെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ കഴിയുമോ എന്ന് നോക്കി കാടും പടപ്പും തല്ലിയുള്ള അന്വേഷണം പാടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങൾ നടത്തുന്നത് പ്രാഥമിക അന്വേഷണമാണെന്ന ഇഡിയുടെ വാദത്തെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ബഹുമാനപ്പെട്ട കോടതി എന്താണോ പാടില്ലെന്ന് പറഞ്ഞത്, അതേ രീതി ആവർത്തിക്കുന്ന സമൻസ് പിൻവലിക്കണം എന്നാണ് ഇഡിക്ക് ഇന്ന് കൊടുത്ത മറുപടിയിൽ ആവശ്യമെന്നും തോമസ് ഐസക് വ്യക്‌തമാക്കി.
Most Read| അസമിലെ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു; കുത്തിയിരുന്ന് പ്രതിഷേധം