കൊല്ലം: വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
ആത്‌മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. വിധി പ്രസ്‌താവം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമനും പ്രതി കിരണ്‍ കുമാറും കോടതിയിൽ എത്തിയിരുന്നു. വിസ്‌മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. അഞ്ചാമതായായിരുന്നു ഇന്നലെ കോടതി കേസ് പരിഗണിച്ചത്. കിരണിനെതിരെയുള്ള ആത്‌മഹത്യാ പ്രേരണാ കുറ്റവും സ്‌ത്രീധന പീഡനക്കുറ്റവും തെളിഞ്ഞതായും കിരണ്‍ കുമാറിന് സുപ്രീം കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുന്നതായും അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പറഞ്ഞിരുന്നു.
അതേസമയം ഇന്ന് കോടതിയില്‍ വെച്ച്, എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയോട് ജഡ്‌ജി ചോദിച്ചപ്പോള്‍ താന്‍ കുറ്റം ചെയ്‌തിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ഒന്നിലേറെ തവണ ആവർത്തിക്കുകയാണ് കിരണ്‍ കുമാര്‍ ചെയ്‌തത്. തനിക്ക് പ്രായമുള്ള അച്ഛനമ്മമാരുണ്ടെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കോടതിയില്‍ പ്രതി പറഞ്ഞെങ്കിലും മാതൃകാപരമായി കിരണിന് ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ജീവപര്യന്തം ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 41 സാക്ഷികളും 16 തെളിവുകളുമാണ് കേസിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു ശാസ്‌താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്‌മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Most Read: സ്‌ത്രീധന പീഡനം; കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി