വയനാട്: സെമിത്തേരി ആക്രമിച്ച് കല്ലറകളും കുരിശുകളും തകർത്ത സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിന്റെ സെമിത്തേരിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുരിശുകൾ നശിപ്പിക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ചുറ്റുമതിൽ ഉണ്ടെങ്കിലും പിറക് വശത്തെ റബ്ബർ തോട്ടത്തിലൂടെയാണ് സാമൂഹിക വിരുദ്ധർ സെമിത്തേരിയിലേക്ക് പ്രവേശിച്ചതെന്നാണ് സൂചന.
നിരവധി കല്ലറകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കുരിശുകൾ പിഴുതുമാറ്റിയ നിലയിലായിരുന്നു. സെമിത്തേരിയുടെ മധ്യത്തിലുണ്ടായിരുന്ന ക്രൂശിത രൂപം ഇളക്കിമാറ്റി നശിപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
Most Read: മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി