കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രത്യക്ഷ സമരത്തിലേക്ക്

By Central Desk, Malabar News
SYS Original Flag _Malabar News
Ajwa Travels

കോഴിക്കോട് : കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ചെറുക്കുക, മലബാറിലെ ഭൂരിപക്ഷം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമര പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കാനായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ പ്രഖ്യാപനമാണ് സെപ്റ്റംബര്‍ 2ന് നടക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് മീഡിയ മിഷന്‍ യു ട്യൂബ് ചാനലില്‍ ലൈവ് പ്രോഗ്രാം രൂപത്തില്‍ നടക്കുന്ന സമര പ്രഖ്യാപനത്തില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും, എസ് വൈ എസ് നേതൃത്വം വിശദമാക്കി.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ കരിപ്പൂരിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അവിശ്വസനീയവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമായ പല കാരണങ്ങള്‍ നിരത്തിയാണ് എയര്‍പോര്‍ട്ടിനെ അധികൃതര്‍ അവഗണിക്കുന്നത്. ഇപ്പോള്‍ നടന്ന വിമാനാപകട കാരണം പറഞ്ഞാണ് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും അനുമതി നിഷേധിച്ചിട്ടുള്ളത്. അപകട പശ്ചാത്തലത്തില്‍, ടേബിള്‍ ടോപ് ഘടനയാണ് അപകട കാരണമെന്ന് വരുത്തി എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള നീക്കമാണിത്. ഒരു റോഡപകടം നടന്നാല്‍ ആ റോഡ് തന്നെ വേണ്ടെന്ന് വെക്കുന്ന നിലപാടാണിത്.

അമേരിക്കയുള്‍പ്പടെ എട്ടോളം രാജ്യങ്ങളിലായി ഇരുപതോളം ടേബിള്‍ ടോപ് വിമാനത്താവളങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ്, ലോക പ്രശസ്ത എയര്‍ലൈന്‍ കമ്പനികള്‍ സുരക്ഷാ പരിശാധനകള്‍ക്ക് ശേഷം കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ തയ്യാറായതും. എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങിയ കമ്പനികള്‍ അവരുടെ സുരക്ഷാ പരിശോധനകള്‍ മുന്‍പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ‘രോഗത്തിന് പരിഹാരം ആളെ കൊല്ലലാണ്’ എന്ന നീതിയല്ല അധികാരികള്‍ കാണിക്കേണ്ടത്. പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ അതിനു ശാസ്ത്രീയ പരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ, അപകട മറവില്‍ മറ്റു പലതിനും വേണ്ടി ഈ എയര്‍പോര്‍ട്ടിനെ തകര്‍ക്കുകയല്ല വേണ്ടത്.

സമര പ്രഖ്യാപന പരിപാടിയിലും തുടര്‍ന്നുള്ള പ്രതിഷേധങ്ങളിലും സംഘടനയുടെ കീഴിലുള്ള 600 സര്‍ക്കിളുകളുടെ ഭാരവാഹികള്‍, 146 സോണ്‍ ഘടകങ്ങളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, നീലഗിരി ഉള്‍പ്പെടെ 16 ജില്ലകളില്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സമര പ്രഖ്യാപനത്തില്‍ പങ്കാളികളാകുമെന്നു കോഴിക്കോട് യൂത്ത് സ്‌ക്വയറില്‍ നിന്നും അറിയിച്ചു. കൂടാതെ, സമാന ആവശ്യം ഉയര്‍ത്തുന്ന സാമൂഹിക – സംസ്‌കാരിക – രാഷ്ട്രീയ സംഘടനകളെയും പ്രവാസി സംഘടനകള്‍, പ്രവാസി കുടുംബങ്ങള്‍ എന്നിവരെയും സമരത്തില്‍ സഹകരിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പിക്കാനും എസ് വൈ എസ് സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

റണ്‍വെ വികസനത്തിന്റെ പേരില്‍ ദീര്‍ഘകാലം വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച എയര്‍പോര്‍ട്ടില്‍, എസ് വൈ എസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ നിരന്തര സമരം കാരണമാണ് അനുകൂല അനുമതി നേടാനായത്. ഇന്നും അവകാശങ്ങള്‍ നേടാനും കരിപ്പൂരിന്റെ ചിറകരിയാന്‍ ശ്രമിക്കുന്നത് തടയാനും സമാനമായ പ്രത്യക്ഷ സമരങ്ങള്‍ വേണമെന്നുള്ള അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിട്ടുള്ളത്; അത് കൊണ്ട് തന്നെയാണ്, എസ് വൈ എസ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുന്നതും. നേതൃത്വം വിശദീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുഹമ്മദ് പറവൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, എം വി സിദ്ധീഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ആര്‍ പി ഹുസൈന്‍, എംഎം ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE