ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത് തൊഴിലാളി ബിനോയിക്കു നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ 7ന് ജോലിക്കു എത്തുമ്പോൾ എക്കണ്ടി കയറ്റത്തിൽവെച്ച് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ബിനോയ് രക്ഷപെട്ടു.
ഫാമിൽ ഏറെ കാലമായി ഭീതി പരത്തുന്ന മോഴയാനയാണ് ആക്രമിച്ചത്. 3 ആഴ്‌ച മുൻപ് ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയ ആനകളെല്ലാം തിരിച്ചുവന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഒരാഴ്‌ചയായി ആക്രമണം കൂടുതലാണ്. കായ്‌ഫലമുള്ള 98 തെങ്ങുകളാണ് ആനകൾ തകർത്തത്. പകൽ പോലും ആക്രമണം ഉണ്ടായതോടെ ജീവനക്കാരും തൊഴിലാളികളും പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഭീതിയുടെ നിഴലിലായി. 60ഓളം ആനകൾ ഫാമിൽ തമ്പടിച്ചതായി ഫാം ജീവനക്കാരും പ്രദേശവാസികളും പറഞ്ഞു.
Also Read: മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു