ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ

By News Desk, Malabar News
woman disguised herself as man for 30 years
Ajwa Travels

പെണ്ണായി ജനിച്ച് ആണായി ജീവിക്കേണ്ടി വന്നാലോ? ട്രാൻസ്‌ ജെൻഡേഴ്‌സ് ആവും നമ്മുടെ മനസിൽ ഇപ്പോൾ കടന്നുവരിക. എന്നാൽ, പേച്ചിയമ്മാൾ ഒരു ട്രാൻസ്‌ ജെൻഡർ അല്ല. ജീവിത സാഹചര്യം കൊണ്ട് ആണിന്റെ വേഷം കെട്ടി ജീവിക്കേണ്ടി വന്ന ഒരു സ്‌ത്രീയാണ്. സ്വന്തം മകൾക്ക് വേണ്ടിയായിരുന്നു പേച്ചിയമ്മാൾ തന്റെ സ്‌ത്രീത്വം മറച്ച് വെച്ച് ജീവിച്ചത്. ഒരു ആൺതുണയില്ലാതെ മകളുമായി ജീവിക്കേണ്ടി വന്ന പേച്ചിയമ്മാളിന് ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു.

തനിക്കുണ്ടായ ദുരനുഭവങ്ങൾ തന്റെ മകൾക്ക് ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ച പേച്ചിയമ്മാൾ അങ്ങനെ ‘മുത്തു’വായി മാറി. 20 വയസുള്ളപ്പോഴാണ് പേച്ചിയമ്മാൾ വിവാഹിതയാവുന്നത്. കല്യാണം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷം ഭർത്താവ് മരണപ്പെട്ടു. ഈ സമയം ഗർഭിണിയായിരുന്ന പേച്ചിയമ്മാൾ മാസങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞിന് ജൻമം നൽകി. ഇരുവരുടെയും ജീവിതം മുന്നോട്ട് പോകാനായി വീട്ടുകാർ വീണ്ടുമൊരു വിവാഹത്തിന് പേച്ചിയമ്മാളിനെ നിർബന്ധിച്ചു. എന്നാൽ, അതിന് കൂട്ടാക്കാതെ ഒരു ജോലി തേടി ഇറങ്ങി പുറപ്പെട്ട പേച്ചിയമ്മാളിനെ പലരും ലൈംഗികമായി ദുരുപയോഗം ചെയ്യാനാണ് ശ്രമിച്ചത്.

മകളെ ഒറ്റക്ക് വളർത്താൻ ഏറെ ദുരിതങ്ങളിലൂടെ കടന്നുപോയ പേച്ചിയമ്മാളിന് സുരക്ഷിതമായ ഒരു ജീവിതം ആവശ്യമായിരുന്നു. ഒരു സ്‌ത്രീയായത് കൊണ്ടാണ് പലരും തന്നെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കിയ പേച്ചിയമ്മാൾ തന്റെ 27ആം വയസിൽ ആൺവേഷം സ്വീകരിച്ചു. നീളമുള്ള മുടി മുറിച്ചു, ലുങ്കിയും ഷർട്ടും ധരിച്ചു, മുത്തു എന്ന പേര് സ്വീകരിച്ചു. ശേഷം, ജീവിത പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.

ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ചായക്കടകളിലും പേച്ചിയമ്മാൾ എന്ന മുത്തു ജോലി ചെയ്‌തു. തൊഴിലിടങ്ങളിലുള്ളവർ ‘അണ്ണാച്ചി’ എന്നാണ് വിളിച്ചിരുന്നത്. മുത്തുവിന്റെ ചായയും പൊറോട്ടയുമെല്ലാം ആളുകൾക്ക് പ്രിയപ്പെട്ടതായി മാറി. പെയിന്റ് പണിക്ക് വരെ താൻ പോയിട്ടുണ്ടെന്ന് പേച്ചിയമ്മാൾ പറയുന്നു. പല തൊഴിലുകളും ചെയ്‌താണ്‌ മകളെ വളർത്തിയത്. ഒടുവിൽ സ്വന്തം സമ്പാദ്യം കൊണ്ട് വിവാഹപ്രായമെത്തിയപ്പോൾ മകളെ കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്‌തു.

തന്റെ ത്യാഗങ്ങളെല്ലാം മകൾക്ക് അറിയാമായിരുന്നു എന്ന് പേച്ചിയമ്മാൾ പറയുന്നു. ആൺവേഷം കെട്ടേണ്ടി വന്നതിൽ ഒരിക്കൽ പോലും സങ്കടം തോന്നിയിട്ടില്ല, മകൾക്ക് വേണ്ടിയല്ലേ. ഈ ജീവിതരീതിയിൽ താൻ സന്തുഷ്‌ടയാണെന്നും മരണശേഷവും മുത്തുവായി ഓർമിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം മകൾ ഒഴികെ മറ്റാർക്കും തന്നെ ‘മുത്തു’ ഒരു സ്‌ത്രീയാണെന്ന് അറിയില്ലായിരുന്നു. എന്നാൽ, ഇപ്പോൾ പേച്ചിയമ്മാളിന് 57 വയസാണ്. പഴയപോലെ പണിക്കൊന്നും പോകാൻ സാധിക്കുന്നില്ല.

woman disguised herself as man for 30 years

തമിഴ്‌നാട്ടിലെ വിധവാ പെൻഷന് അപേക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയുന്നില്ല. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് പേച്ചിയമ്മാളിന്റെ പക്കലില്ല. കൂടാതെ, മുത്തു എന്ന പേരിലാണ് ആധാർ കാർഡും, മറ്റെല്ലാ രേഖകളും. ഈ സാഹചര്യത്തിലാണ് വീട്ടുകാർക്ക് മാത്രം അറിയാവുന്ന ഈ സത്യം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ദുരവസ്‌ഥ മനസിലാക്കി സർക്കാർ സഹായവുമായി മുന്നോട്ട് വരുമെന്ന വിശ്വാസത്തിലാണ് പേച്ചിയമ്മാൾ.

Most Read: ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE