കൽപ്പറ്റ: തട്ടിപ്പു വീരനെ തന്ത്രപരമായി പിടികൂടി പോലീസ്. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നിയെയാണ്(43) പാലാ പോലീസ് പിടികൂടിയത്. തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാഗ്‌ദാനം ചെയ്‌ത് അഡ്വാൻസ് തുക കൈപ്പറ്റി തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. വനിതാ പോലീസുകാർ ചാറ്റ് ചെയ്‌ത് വലയിലാക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് പാലാ പോലീസ് പറഞ്ഞു.
ആറ് മാസമായി പാലാ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള നിരവധി വീടുകളിൽ നിന്ന് ഇയാൾ തവണ വ്യവസ്‌ഥയിൽ സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വന്നപ്പോൾ ഫോണിൽ വിളിച്ചു സംസാരിക്കുന്നവരോട് പ്രതി കയർത്ത് സംസാരിക്കുകയായിരുന്നു. പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും വിവിധ ജില്ലകളിൽ കറങ്ങി തട്ടിപ്പ് നടത്തിയിരുന്ന ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
തുടർന്ന് സൈബർ സെൽ ഇയാളെ നിരീക്ഷണത്തിലാക്കി. പോലീസുകാർ പലതവണ വിളിച്ചെങ്കിലും സംസാരിക്കാൻ കൂട്ടാക്കാതെ ഇയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് വനിതാ പോലീസുകാർ പ്രതിയോട് തന്ത്രപരമായി ചാറ്റ് ചെയ്‌ത് സൗഹൃദം സ്‌ഥാപിച്ചു. കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് പാലായിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
ആറ് മാസത്തിനുള്ളിൽ 15 ലക്ഷത്തോളം രൂപയാണ് ഇയാൾ വിവിധ ജില്ലകളിൽ നിന്ന് തട്ടിപ്പ് നടത്തി കൈക്കലാക്കിയതെന്ന് പോലീസിന് മൊഴി നൽകി. തട്ടിപ്പിലൂടെ കിട്ടുന്ന തുക ആഢംബര ജീവിതത്തിനും ചെരുപ്പുകൾ വാങ്ങിക്കൂട്ടുന്നതിനുമാണ് ചിലവഴിച്ചിരുന്നത്. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്‌ജിൽ നിന്ന് 400 ജോഡി ചെരുപ്പുകളും ഉപയോഗിച്ച നിരവധി രസീത് ബുക്കുകളും പോലീസ് കണ്ടെടുത്തു.
Most Read: കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ