ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംസ്‌ഥാന ബജറ്റിൽ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയത്. രാമക്ഷേത്ര നിർമാണത്തിനും അയോധ്യയിലേക്കുള്ള പ്രവേശന റോഡിനുമായി 300 കോടി അനുവദിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.
അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യ വൽക്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. വാരണാസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികൾക്കായി 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
2020-2021 സാമ്പത്തിക വർഷത്തേക്ക് 5.5 ലക്ഷം കോടി രൂപയുടെ അടങ്കൽ ബജറ്റാണ് യോഗി സർക്കാർ അവതരിപ്പിച്ചത്. ഉത്തർപ്രദേശിൽ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബജറ്റ് കൂടിയാണിത്. കടലാസ് രഹിത ബജറ്റാണ് ഇക്കുറി സർക്കാർ അവതരിപ്പിച്ചത്.
രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ രാജ്യത്ത് പലയിടത്തും വ്യാപകമായ ധനസമാഹരണം ബിജെപി അടക്കമുള്ള പാർട്ടികൾ നടത്തുന്നുണ്ട്. നേരത്തെ യുപിയിൽ സർക്കാർ ഉദ്യോഗസ്‌ഥരിൽ നിന്ന് ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നതായി പരാതി ഉയർന്നിരുന്നു.
Read Also: ‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന