എരുമേലി: ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പത്‌മശ്രീയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ മുമ്പേ ഉണ്ടായിരുന്നതായാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 90,000ത്തിൽ നിന്ന് 80,000 ആക്കി കുറച്ചു. ബുക്കിങ് പരിധി 90,000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്‌തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും സംയുക്‌തമായി നടത്തിയ കൂടിയാലോചനകൾക്ക് ഒടുവിലാണ് ബുക്കിങ് പരിധി കുറക്കാൻ തീരുമാനിച്ചത്. നേരത്തെ നിശ്‌ചയിച്ചിട്ടുള്ള സ്‌ഥലങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.
അയ്യപ്പ ഭക്‌തരുടെ തിരക്ക് നിയന്ത്രിച്ചു ഭക്‌തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടത്ത് ക്യൂ കോംപ്‌ളക്‌സിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്‌റ്റം പൂർണമായും പ്രവർത്തിച്ചു വരുന്നു. പ്രതികൂല കാലാവസ്‌ഥയിലും ഭക്‌തർക്ക് ഡയനാമിക് ക്യൂ സിസ്‌റ്റം അനുഗ്രഹമായി മാറുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ ക്യൂ സിസ്‌റ്റം ഏറെ സഹായകരമാണെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.
ചുക്കുവെള്ളവും ബിസ്‌ക്കറ്റും എല്ലാ ക്യൂ കോംപ്‌ളക്‌സുകളും ഭക്‌തർക്ക് യഥേഷ്‌ടം നൽകി വരുന്നുണ്ട്. നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്‌ക്കറ്റ് വിതരണവും നൽകുന്നത് ഭക്‌തർക്ക് ആശ്വാസമാണ്. പതിനെട്ടാം പടി കയറുന്ന ഭക്‌തർക്ക് നല്ല രീതിയിൽ ദർശനം സാധ്യമാകുന്നുണ്ട്. അയ്യപ്പ ഭക്‌തർക്ക് മൂന്ന് നേരവും അന്നദാനവുമുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
അയ്യപ്പ ഭക്‌തർക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്‌തുതകൾക്ക് നിരക്കാത്തതാണ്. നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എല്ലാവിധ അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുളിമുറി, ശുചിമുറി, യൂറിനൽ സൗകര്യങ്ങൾ, ബയോ ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. എല്ലായിടത്തും കുടിവെള്ള വിതരണം നടക്കുന്നുണ്ട്. യഥാസമയം വൈദ്യ സഹായവും ലഭ്യമാക്കുന്നുണ്ടെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്