ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അന്താരാഷ്‌ട്ര തലത്തിൽ വരെ ചർച്ചയായ ഇവർക്ക് നേരത്തെ രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വന്നതോടെയാണ് സിഘുവിലെ സമരഭൂമിയിൽ നിന്ന് ജനുവരി 12ന് നോദീപ് കൗറിനെ ഹരിയാന പോലീസ് അറസ്‌റ്റ് ചെയ്‍തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇവരുടെ മേൽ ചാർത്തിയിരിക്കുന്നത്.
ഹരിയാന പോലീസ് കള്ളക്കേസാണ് ചുമത്തിയതെന്നും മോചനത്തിനായി നിയമപോരാട്ടം തുടരുമെന്നും ആണ് നോദീപ് കൗറിന്റെ കുടുംബം അറിയിക്കുന്നത്. ഇതിനിടെ പോലീസ് കസ്‌റ്റഡിയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇവർ ഇരയായെന്ന് മാതാവും സഹോദരിയും ആരോപിച്ചിരുന്നു.
പോലീസ് ആക്രമണത്തിന്റെ ഫലമായി ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നെന്നും രക്‌ത സ്രാവം ഉണ്ടായെന്നും റിപ്പോർടുകൾ പുറത്തു വന്നിരുന്നു. എന്നാൽ കുടുബത്തിന്റെ ആരോപണങ്ങളൊക്കെ ഹരിയാന പോലീസ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇതോടെയാണ് അന്താരാഷ്‌ട്ര തലത്തിൽ ഈ 23കാരിക്കായി പ്രതിഷേധങ്ങൾ ശക്‌തമായത്.
ഇവരുടെ മോചനത്തിനായിഅമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് ട്വീറ്റ് ചെയ്‌തിരുന്നു. ഇത് അന്താരാഷ്‌ട്ര തലത്തിൽ വിഷയം കോളിളക്കം സൃഷ്‌ടിക്കാൻ കാരണമായി. അന്താരാഷ്‌ട്ര സമൂഹം ഒന്നടങ്കം ഇടപെട്ടിരിക്കുന്ന വിഷയത്തിൽ പക്ഷേ, രാജ്യത്തിനകത്തു നിന്നുള്ള പ്രതികരണങ്ങൾ പൊതുവെ കുറവാണ്.
കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ മസ്‌ദൂര്‍ അധികാര്‍ സംഗതൻ യൂണിയനിലാണ് നോദീപ് കൗര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളും ആയാണ് ഇവർ ഡിസംബറില്‍ അണിചേര്‍ന്നത്. പിന്നാലെ ജനുവരിയിൽ അറസ്‌റ്റിലാവുക ആയിരുന്നു.
Kerala News: കേരള ബാങ്കിലെ സ്‌ഥിര നിയമനം; ശുപാർശ സർക്കാർ തള്ളി