ക്യാപ്‌റ്റന് വിട; തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പാർട്ടിയുടെ സ്‌ഥാപക നേതാവാണ്. രണ്ടുതവണ തമിഴ്‌നാട് നിയമസഭാ അംഗവുമായിരുന്നു.

By Trainee Reporter, Malabar News
Actor Vijayakanth passed away

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ സ്‌ഥാപക നേതാവുമായിരുന്നു വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് ഇന്ന് കൊവിഡും സ്‌ഥിരീകരിച്ചിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആശുപത്രി അധികൃതർ മരണവിവരം അറിയിച്ചത്. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പാർട്ടിയുടെ സ്‌ഥാപക നേതാവാണ്. രണ്ടുതവണ തമിഴ്‌നാട് നിയമസഭാ അംഗവുമായിരുന്നു. 80-90 കാലഘട്ടങ്ങളിൽ തമിഴ് സിനിമാ മേഖലയിൽ നിരവധി സൂപ്പർ ഹിറ്റുകൾ നൽകിയ താരമാണ് വിജയകാന്ത്. ആരാധകർ ക്യാപ്‌റ്റൻ എന്നാണ് വിജയകാന്തിനെ വിളിച്ചിരുന്നത്.

1952 ഓഗസ്‌റ്റ് 25ന് കെഎൻ അളഗർസ്വാമിയുടെയും ആണ്ടാൾ അളഗർസ്വാമിയുടെയും മകനായി മധുരയിലാണ് ജനനം. വിജയരാജ് അളഗർസ്വാമി എന്നാണ് ഔദ്യോഗിക പേര്. 1979ൽ ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലൂടെ വില്ലൻ കഥാപാത്രമായാണ് വിജയകാന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1981ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയാണ് അദ്ദേഹത്തെ നായകനെന്ന നിലയിലേക്ക് ഉയർത്തിയത്.

സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതിക്കെതിരെ ശബ്‌ദിക്കുന്ന കരുത്തുള്ള യുവാവിനെ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമായി വിജയകാന്ത് തമിഴ് പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്തു. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകൾ അടക്കം 1984ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഇതോടെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുംതൂണായി വിജയകാന്ത് മാറി.

ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്‌റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2010ൽ പുറത്തിറങ്ങിയ ‘വിരുദഗിരി’യിലാണ് അവസാനം വിജയകാന്ത് നായകനായി അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്‌തതും വിജയകാന്ത് ആയിരുന്നു.

2005 സെപ്‌തംബർ 14നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പാർട്ടി സ്‌ഥാപിച്ചത്‌. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ പാർട്ടി മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് വിജയിച്ചത്. 2011ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ചു 29 എണ്ണത്തിൽ വിജയിച്ചിരുന്നു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. അതോടെ, തമിഴ് രാഷ്‌ട്രീയത്തിലെ ശക്‌തനായ നേതാവെന്ന വിശേഷണം ഉണ്ടായെങ്കിലും അതിനു ശേഷം രാഷ്‌ട്രീയ നേട്ടങ്ങൾ അവർത്തിക്കാനായില്ല.

ഏറെ നാളായി അസുഖം മൂലം സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: പ്രേമലത. മക്കൾ: ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE