വാഷിംഗ്ടണ്‍: അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമ്പോൾ ബൈഡൻ ഉപാധികൾ വച്ചിരുന്നില്ല എന്നും ഇതേത്തുടർന്നാണ് താലിബാൻ അതിക്രമങ്ങൾ നടത്തുന്നതെന്നും ട്രംപ് ആരോപിച്ചു. തനിക്ക് ഇക്കാര്യങ്ങൾ കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം സാധിക്കുമായിരുന്നു എന്നും ട്രംപ് പറഞ്ഞു.
ട്രംപ് പ്രസിഡണ്ട് ആയിരുന്ന സമയത്ത് ദോഹയിൽ വച്ച് നടന്ന കൂടിക്കാഴ്‌ചയിലാണ് അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ താലിബാനും അമേരിക്കയും തമ്മിൽ ധാരണയായത്. തീരുമാനത്തിന് പിന്നാലെ താലിബാനിൽ നിന്ന് ചില ഉറപ്പുകളും ട്രംപ് ഭരണകൂടം എഴുതിവാങ്ങിയിരുന്നു. എന്നാൽ ബൈഡൻ ഭരണത്തിലേറിയപ്പോൾ ഈ കരാറിൽ മാറ്റം വരുത്തിയിരുന്നു. ബൈഡന്റെ ഈ നടപടിയാണ് താലിബാൻ അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.
നിലവിൽ കാണ്ഡഹാറും താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്‌ഥാനമാണിത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. ഹെറാത്തിലെ പോലീസ് ആസ്‌ഥാനം താലിബാന്റെ കൈകളിലാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള ഗസ്‌നി താലിബാൻ ഭീകരർ പിടിച്ചെടുത്തിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും താലിബാന്റെ അധീനതയിലാണ്. 30 ദിവസത്തിനുള്ളിൽ കാബൂളിനെ ഒറ്റപ്പെടുത്തി 90 ദിവസത്തിനുള്ളിൽ താലിബാൻ രാജ്യതലസ്‌ഥാനം പിടിച്ചടക്കുമെന്നാണ് വിവരം. സാഹചര്യങ്ങൾ കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്‌ക്കാൻ അമേരിക്ക തീരുമാനിച്ചു. മൂവായിരം സൈനികരെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
Read also: കാണ്ഡഹാറും താലിബാൻ ഭീകരരുടെ കയ്യിൽ; കാബൂൾ തൊട്ടടുത്ത്