പാലക്കാട്: എസ്എഫ്ഐക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. എസ്എഫ്ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. വിഷയത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണം. പരീക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചുവെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിൽ പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്‌റ്റിൽ പാസായെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് മാർക്ക് ലിസ്‌റ്റിൽ കോളേജ് തിരുത്ത് വരുത്തുകയും ചെയ്‌തിരുന്നു. അതേസമയം, എസ്എഫ്ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിലും അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വിഷയത്തിൽ പാർട്ടിക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പോലീസിന് കൈമാറി. വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ്‌യു പരാതി നൽകിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കാസർഗോഡ് കരിന്തളം ഗവ. കോളേജിൽ ഇന്ന് അടിയന്തിര കൗൺസിൽ ചേരും.
വിദ്യക്കെതിരെ പരാതി നൽകുന്നതിന് കുറിച്ച് തീരുമാനിക്കാനാണ് അടിയന്തിര യോഗം ചേരൽ. മഹാരാജാസിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം ഗവ.കോളേജിലും ഗസ്‌റ്റ് ലക്ച്ചറായി ജോലി ചെയ്‌തിരുന്നു. മഹാരാജാസ് കോളേജ് അധികൃതർ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് വിദ്യക്കെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്‌റ്റർ ചെയ്‌തത്.
അട്ടപ്പാടി ഗവ. കോളേജിൽ ഗസ്‌റ്റ് ലക്ച്ചർ അഭിമുഖത്തിന് എത്തിയപ്പോഴാണ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ രണ്ടു വർഷത്തെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയത്തിലാണ് വ്യാജരേഖയാണെന്ന സ്‌ഥിരീകരണത്തിൽ എത്തിയത്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ പരിവൃത്തിപരിചയം ഉണ്ടെന്നാണ് വിദ്യ അഭിമുഖ പാനലിന് ഹാജരാക്കിയ രേഖ.
ജൂൺ രണ്ടിനായിരുന്നു സംഭവം. എന്നാൽ, പാനലിൽ ഉള്ളവർക്ക് മഹാരാജാസിലെ ലോഗോയിലും സീലിലും സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്ന് സ്‌ഥിരീകരിക്കുക ആയിരുന്നു. 2018-19, 2020-21 കാലയളവിൽ മഹരാജാസിൽ ഗസ്‌റ്റ് ലക്ച്ചറായി ജോലി ചെയ്‌തെന്നാണ് രേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ, പത്ത് വർഷമായി മലയാള വിഭാഗത്തിൽ ഗസ്‌റ്റ് ലക്ച്ചർമാരെ നിയമിച്ചിട്ടില്ലെന്ന് കോളേജ് അധികൃതർ വ്യക്‌തമാക്കി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതും സംഭവം പുറത്തായതും.
Most Read: ഒത്തുതീർപ്പ് ശ്രമവുമായി കേന്ദ്രം; ഗുസ്‌തി താരങ്ങളെ വീണ്ടും ചർച്ചക്ക് വിളിച്ചു കായികമന്ത്രി