അനില്‍ പനച്ചൂരാന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഓർമ പങ്കുവച്ച് ലാൽ ജോസും കാട്ടാക്കടയും

By Desk Reporter, Malabar News
condolences-to-anil-panachooran
Ajwa Travels

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. “അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസിൽ എന്നും തങ്ങി നില്‍ക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക- സിനിമാ മേഖലക്കു വലിയ നഷ്‌ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,”- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സാഹിത്യ സമ്പുഷ്‌ടമായ നിരവധി ഭാവഗീതങ്ങളാണ് ഗാന രചയിതാവ് എന്ന നിലയില്‍ അനില്‍ പനച്ചൂരാന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. ‘ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വീണ പൂമരം ‘ തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങള്‍ നെഞ്ചിലേറ്റിയവയാണ്. താനുമായി വളരെ അടുത്ത സുഹൃത് ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അനില്‍ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗൽഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്‌ടമായതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സംവിധായകൻ ലാൽ ജോസ്, കവി മുരുകന്‍ കാട്ടാക്കട എന്നിവരും അനില്‍ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചിച്ചു. “വളരെ അപ്രതീക്ഷിതമായ വാർത്തയാണ്. സിന്ധുരാജാണ് പനച്ചൂരാനെ ആദ്യമായി പരിചയപ്പെടുത്തിയത്. കുട്ടനാട്ടിലെ യാത്രക്കിടെ ‘വലയിൽ വീണ കിളികളാണ് നാം’ എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് അന്വേഷിച്ചപ്പോൾ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് എന്റെ അറബിക്കഥയിൽ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളിൽ ഒപ്പം വർക്ക് ചെയ്‌തു. വെളിപാടിന്റെ പുസ്‌തകത്തിൽ എന്റെമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനമെഴുതിയതും അദ്ദേഹമായിരുന്നു. ഒടുവിൽ തട്ടിൻപുറത്ത് അച്യുതനിൽ പാട്ട് എഴുതി പാടി അഭിനയിച്ചു. ബഹുമാനവും സ്‌നേഹവുമായിരുന്നു, ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു.”- ലാൽ ജോസ് പറഞ്ഞു.

അതേസമയം, സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിടവാങ്ങലാണ് അനില്‍ പനച്ചൂരാന്റേത് എന്ന് കവി മുരുകന്‍ കാട്ടാക്കട പ്രതികരിച്ചു. അവസാനമായി കഴിഞ്ഞ ദിവസം ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു എന്നും അനില്‍ തനിക്ക് ആത്‌മാര്‍ഥമായ സൗഹൃദമുള്ള സഹോദരനാണെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.

“‘ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു. തിരക്കഥ പൂര്‍ത്തിയായി. മുരുകന്‍ പാട്ടെഴുതണം എന്നാണ് കഴിഞ്ഞ ദിവസം തന്നോട് ഫോണില്‍ ആവശ്യപ്പെട്ടത്. കാടിന്റെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കി എഴുതിയ സിനിമയുടെ പ്രഖ്യാപനം അടുത്ത ആഴ്‌ചയുണ്ടാവുമെന്നും അനില്‍ പറഞ്ഞു. പണ്ട് പി ഭാസ്‌കരന്‍ മാഷ് സംവിധാനം ചെയ്‌ത സിനിമക്ക് ശ്രീകുമാരന്‍ തമ്പിയെ കൊണ്ട് പാട്ടെഴുതിച്ച പോലെ നീ എനിക്ക് പാട്ടെഴുതി തരണമെന്നും അനില്‍ ആവശ്യപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്യുക എന്നത് അനിലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു,”- മുരുകന്‍ കാട്ടാക്കട പറഞ്ഞു.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്‌ച രാത്രി ഒന്‍പതരക്കായിരുന്നു അന്ത്യം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

അവശത കൂടിയപ്പോൾ അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Also Read:  ‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE