ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനം’; ബിജെപിയുടെ സെൻസർ അംഗം അഡ്വ.സന്ദീപ് കുമാർ ‘വർഗീയ കലിപ്പിൽ’

By Desk Reporter, Malabar News
Varthamanam_Sensor Cutting
Ajwa Travels

തിരുവനന്തപുരം: ജെഎന്‍യു സമരത്തിലെ മുസ്‌ലിം-ദളിത് പീഡനം പ്രമേയമായ ‘വര്‍ത്തമാനം’ സിനിമക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവായ സെൻസർബോർഡ്‌ അംഗം. തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് ‘വര്‍ത്തമാനം’ രാജ്യവിരുദ്ധ സിനിമയാകുന്നു എന്നതാണ് ‘വർഗീയയ കലിപ്പിലെ’ സാരാംശം.

സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് അഡ്വ. സന്ദീപ് കുമാറാണ് വർഗീയ കലിപ്പ് ‘പ്രകടമാക്കുന്ന’ വിവാദ പ്രസ്‌താവന നടത്തിയത്. ബിജെപിയുടെ എസ്‌സി മോര്‍ച്ച സംസ്‌ഥാന വൈസ് പ്രസിഡണ്ടും കൂടിയാണ് അഡ്വ.സന്ദീപ് കുമാര്‍.

ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‌ലിം പീഡനമായിരുന്നു വിഷയം .ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം. അഡ്വ. സന്ദീപ് കുമാർ ട്വിറ്ററിൽ കുറിച്ചു.

Adv. V SandeepKumar Tweet
അഡ്വ.സന്ദീപ് കുമാറിന്റെ ട്വീറ്റ്

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തിൽ പാര്‍വതി തിരുവോത്ത് നായികയായി അഭിനയിക്കുന്ന സിനിമയാണ് ‘വര്‍ത്തമാനം’. ഇതിന്റെ തിരക്കഥാകൃത്തും നിർമാതാവും ആര്യാടന്‍ ഷൗക്കത്താണ്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും സിനിമയിൽ കഥാപാത്രങ്ങളാണ്. ഈ സിനിമയുടെ സെന്‍സര്‍ സ്‌ക്രീനിംഗിന് ശേഷമാണ് അഡ്വക്കേറ്റ് വി.സന്ദീപ് കുമാറിന്റെ വർഗീയ പരാമർശം.

സ്‌ക്രീനിംഗിന് ശേഷം സിനിമകള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്യപ്രതികരണം നടത്താൻ പാടില്ല എന്നതാണ് കീഴ്‌വഴക്കം. അതിനെ മറികടന്നാണ് സന്ദീപ് കുമാർ പരസ്യ പ്രസ്‌താവന നടത്തിയത്. നിലവിൽ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി തടഞ്ഞ വർത്തമാനം ഇനി മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കണമോ എന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റിവ്യൂ കമ്മിറ്റിയാണ്.

സിനിമയിലെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതെന്ന് സെൻസർബോർഡ്‌ അംഗങ്ങളെ ഉദ്ധരിച്ച് ഒരു മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന് ഹിന്ദുക്കളോട് വിദ്വേഷം തോന്നുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ സിനിമയിലുണ്ടെന്നും ഒരു വിഭാഗം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പ്രമേയമെന്നും അഡ്വക്കേറ്റ് സന്ദീപ് കുമാറും പ്രതികരിച്ചു.

ഏറെ നല്ല സിനിമകൾക്ക് വിചിത്ര വാദങ്ങളുന്നയിച്ച് കത്രിക വെക്കാൻ ആരംഭിച്ചത് ഈ അടുത്തകാലത്താണ്. ‘സദാചാര-ദേശീയവാദി’ മുൻ സെൻസർ ബോർഡ് അദ്ധ്യക്ഷൻ പഹ്‌ലജ് നിഹലാനിയുടെ വരവോടെയാണ് ഇന്ത്യൻ സിനിമയുടെ ‘ചിന്തകൾക്ക് മുകളിൽ’ കടിഞ്ഞാൺ വീണത്. അത് കേരളത്തിലും തുടരുകയാണ്.

സിനിമയിലൂടെ യഥാർഥ അവസ്‌ഥ പറയരുത്. ജീവിക്കുന്ന കാലത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ പ്രതിപാദിക്കരുത്. സമകാലിക രാഷ്‌ട്രീയമോ സാമൂഹിക വിഷയമോ പറയുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്. ഭരണകൂട ഭീകരത വരച്ചുകാട്ടരുത്. മതങ്ങളുടെയോ ജാതികളുടെയോ പൊള്ളത്തരങ്ങളോ തട്ടിപ്പുകളോ മിണ്ടരുത്, ഭരണകൂട നേതാക്കളെ പുകഴ്‌ത്താം, എന്നാൽ ഇകഴ്‌ത്തരുത്. എന്നിങ്ങനെ നീളുന്ന ‘അലിഖിത നിയമങ്ങൾ’കൊണ്ട് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ തടയുന്ന സമീപനമാണ് കുറച്ചു വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ തുടരുന്നത്.

നൂറുകണക്കിന് സിനിമകളാണ് ഇത്തരം ‘അലിഖിത നിയമങ്ങളിൽ’ അന്ത്യശ്വാസം വലിച്ചത്. അനേകം സിനിമകൾ കട്ട് ചെയ്‌ത്‌ നശിപ്പിച്ചാണ് പുറത്തെത്തിയത്. അത്തരമൊരവസ്‌ഥ ഈ സിനിമക്കും ഉണ്ടാകുമോ? ‘വര്‍ത്തമാനം’ സിനിമയുടെ ഭാവി എന്തായിരിക്കും എന്നറിയാൻ പ്രേക്ഷകലോകവും നിരൂപകരും കാത്തിരിക്കുകയാണ്.

Most Read: വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE