നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആകാംക്ഷയോടെ നയപ്രഖ്യാപന പ്രസംഗം

ജനുവരി 25ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളും. സംസ്‌ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും.

By Trainee Reporter, Malabar News
Kerala Assembly,
ഗവർണർ
Ajwa Travels

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം വായിക്കുമോ എന്നതാണ് ആകാംക്ഷ. നയപ്രഖ്യാപനത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെയാണ് ഗവർണർ ഒപ്പു വെച്ചത്.

ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമർശിച്ചതായും വിവരമുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാരിനെ ഗവർണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും കരടിന് അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്.

സർവകലാശാലകളിലെ ഇടപെടലിന്റെ പേരിൽ നവകേരള സദസിലടക്കം നാടുനീളെ ഗവർണറെ വിമർശിച്ച സർക്കാർ തൽക്കാലം ഒത്തുതീർപ്പിലെത്തിയ മട്ടാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കത്തിലും പ്രതിഫലിക്കുമോ എന്ന് ഇന്നറിയാം. കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കുമോ എന്നതും ഇന്നറിയാം. ജനുവരി 25ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളും.

ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് സമ്മേളനം ആരംഭിക്കും. സംസ്‌ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചർച്ച നടക്കും.

ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.

പുതുവർഷത്തിലെ ആദ്യ സഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. നവകേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിലേക്ക് വരെയെത്തിയ വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. മുമ്പില്ലാത്ത വിധം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ തുടരുന്ന വാക്പോര് സഭയ്‌ക്കുള്ളിൽ എത്തുമ്പോൾ വീര്യം കൂടുമെന്നാണ് കരുതുന്നത്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും.

Most Read| ഫെബ്രുവരി 16ന് ഭാരത് ബന്ദ്‌ പ്രഖ്യാപിച്ചു കർഷക സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE