ആലപ്പുഴ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ കർമം അഭിമാനമുയർത്തുന്ന ആത്‌മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്‌ഠാ സമയത്ത് വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആർഎസ്എസ് നേതാക്കൾ കാണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി അയോധ്യയിൽ പൂജിച്ച അക്ഷതം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശൻ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിനെ പിന്തുണച്ചു വാർത്താകുറിപ്പ് ഇറക്കിയത്. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനെ പിന്തുണച്ചു കഴിഞ്ഞ ദിവസം എൻഎസ്എസും രംഗത്തെത്തിയിരുന്നു.
പ്രതിഷ്‌ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്നും ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസികളുടെ കടമയാണെന്നുമാണ് എൻഎസ്എസ് വ്യക്‌തമാക്കിയത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്‌തമാക്കിയതിന് പിന്നാലെയായിരുന്നു രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിനെ പിന്തുണച്ചു എൻഎസ്എസ് രംഗത്തെത്തിയത്.
ഏതെങ്കിലും സംഘടനകളോ രാഷ്‌ട്രീയ പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർഥതയ്‌ക്കും രാഷ്‌ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും എൻഎസ്എസ് വ്യക്‌തമാക്കിയിരുന്നു. ജനുവരി 22ന് ആണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്നത്.
Most Read| ആരോഗ്യ മേഖലയുടെ നവീകരണം; 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു